തിരുവനന്തപുരം: മീനുകളിലെ വിഷാംശം കണ്ടുപിടിക്കുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉപയോഗിക്കുന്നത് മികച്ച പരിശോധനാ കിറ്റ്. ഫോര്‍മലിന്‍ കലര്‍ന്ന 6000 കിലോഗ്രാം മീന്‍ പിടിച്ചെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ സഹായിച്ചത് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനാ കിറ്റാണ്.
കിറ്റിനൊപ്പമുള്ള പേപ്പര്‍ സ്ട്രിപ്പ് മീനിന്റെ പുറത്ത് ഉരസിയശേഷം കിറ്റിലെ ലായനി പേപ്പറിലേക്ക് ഒഴിക്കും. പേപ്പറിന്റെ നിറം നീലയായാല്‍ മീനില്‍ വിഷമുണ്ടെന്നാണ് അര്‍ഥം.
കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു 300 കിറ്റുകള്‍കൂടി വാങ്ങാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു കിറ്റ് ഉപയോഗിച്ച് അന്‍പതു തവണ പരിശോധന നടത്താന്‍ കഴിയും.
തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6,000 കിലോഗ്രാം മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മീനില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മീന്‍ അതു വന്ന സംസ്ഥാനത്തേക്കു തിരികെ അയച്ചു.
ട്രോളിങ് നിരോധനമായതിനാല്‍ ജാഗ്രതയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.