കൊച്ചി: സംസ്ഥാനത്ത് മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മത്സ്യം എത്തിക്കുന്നത്. ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യങ്ങള്‍ മാരകമായ രാസവസ്തുകള്‍ കലര്‍ത്തിയാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്.
കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്ന മാരക രാസവസ്തുക്കളാണ് മത്സ്യങ്ങളില്‍ ചേര്‍ക്കുന്നത്. കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ പെട്ടികളിലാക്കി ഐസ് ഇട്ട് ശേഷം അതിന്റെ മുകളില്‍ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.
പിന്നീട് പെട്ടികളിലാക്കി വാഹനങ്ങളിലെത്തുക്കുമ്പോഴേക്കും ഗോഡൗണില്‍ വച്ചും മായം ചേര്‍ക്കും. പ്രമുഖ മാധ്യമമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മായം കലര്‍ത്തിയ മത്സ്യങ്ങള്‍ ചെന്നൈ എഫ്എഫ്എസ്എസ്ഐയുടെ ലാബില്‍ പരിശോധിച്ചപ്പോള്‍ കാന്‍സര്‍ ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റിന്റെ അംശം മത്സ്യങ്ങളില്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി.
കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മത്സ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ചെക്ക്പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.