മത്സ്യബന്ധനത്തിനു പോയ എട്ടു തോണികള്‍ കരക്കെത്തിച്ചു; കണ്ടെത്താനുള്ളത് ഒന്‍പത് എണ്ണം

കൊച്ചി : കണ്ണൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് തോണികള്‍ കരക്കെത്തിച്ചു. 8 തോണികളിലായി 20 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഷെമിന മോള്‍ എന്ന പേരിലുള്ള ഒരു തോണി അഴീക്കല്‍ അഴിമുഖത്തിന്റെ അടുത്ത് വച്ച് തകര്‍ന്നിരുന്നു. ഈ തോണിയിലുണ്ടായിരുന്ന 3 തൊഴിലാളികളെ രക്ഷപ്പെടുത്തി.

തലശ്ശേരിയില്‍ നിന്ന് പോയ അഞ്ചു തോണികളും മാപ്പിള ബേയില്‍ നിന്നു പോയ രണ്ട് തോണികളും ഇനിയും കരയ്ക്കടുക്കാനുണ്ട്. ഇതില്‍ അഞ്ചു തോണികള്‍ ഓരോ പ്രദേശത്തായി തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട രണ്ട് തോണികളും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതില്‍ ആറ് തൊഴിലാളികള്‍ ഉണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും സഹായം തേടിയിട്ടുണ്ട്.

അതേ സമയം, മഹാ ചുഴലിക്കാറ്റ് മധ്യ-കിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.

Top