പന്തളത്ത് എംഡിഎംഎ വേട്ട; യുവതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയുമായി അഞ്ച് പേർ പൊലീസിന്റെ പിടിയിൽ. 154 ഗ്രാം എംഡിഎംഎയുമായി പന്തളത്ത് നിന്നാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു.

അടൂർ സ്വദേശി രാഹുൽ, കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന, പള്ളിക്കൽ സ്വദേശി ആര്യൻ പി, കുടശ്ശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ എന്നിവരാണ് അറസ്റ്റിലായത്. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ അളവിൽ എംഡിഎംഎ പിടികൂടിയ സംഭവമാണ് ഇത്.

മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്ന രാഹുൽ, ഷാഹിന, ആര്യൻ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവിടെ നിന്ന് നാല് ഗ്രാം എംഡിഎംഎ മാത്രമാണ് പൊലീസിന് ലഭിച്ചത്. ഒപ്പം തന്നെ 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഇവരുടെ ഫോണിൽ നിന്ന് സംഘാംഗങ്ങളായ മറ്റു രണ്ട് പേരെ ഹോട്ടൽ മുറിയിലേക്ക് പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തിയാണ് പിടികൂടിയത്. എംഡിഎംഎയുമായി വരണമെന്ന് ഇവർക്ക് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് വിധു കൃഷ്ണൻ, സജിൻ എന്നിവർ മയക്കുമരുന്നുമായി ഹോട്ടൽ മുറിയിലെത്തുകയായിരുന്നു. ഇവരുടെ കൈവശം 150 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. പിന്നാലെ ഇവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

എവിടെ നിന്നാണ് സംഘത്തിന് എംഡിഎംഎ ലഭിച്ചതെന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കുറച്ചു നാളായി നിരീക്ഷിച്ചു വരുന്ന പറക്കോട് സ്വദേശിയായ രാഹുൽ എന്നയാളാണ് സംഘത്തലവൻ എന്നാണ് പൊലീസ് സംശയിക്കുന്നത്.

Top