ആകാശ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി സര്‍ക്കാര്‍; അവരെത്തി ഒരായിരം നന്ദിയുമായി !

തിരുവനന്തപുരം: വിമാനമെന്നത് അതിശയിപ്പിക്കുന്ന ഒരു ദൂരക്കാഴ്ച മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന സമൂഹത്തിനെ കൈപിടിച്ചുയര്‍ത്തി ചിറകുകള്‍ നല്‍കി സര്‍ക്കാര്‍. പട്ടിക വിഭാഗത്തില്‍പ്പെട്ട അഞ്ചു കുട്ടികളാണ് സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിത്. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വയനാട് സ്വദേശി ശരണ്യ, കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവരാണ് വിജയകരമായി സര്‍ക്കാരിന്റെ സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. മാത്രമല്ല, പഠനത്തിനും മറ്റുമായി സാമ്പത്തിക സഹായം ആവശ്യമുള്ള പട്ടികവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി സര്‍ക്കാരിന്റെ നേത്യത്വത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

അതിരില്ലാത്ത ആകാശത്തിലേക്ക് പറക്കുന്ന സന്തോഷത്തിലാണിതെഴുതുന്നത്. പട്ടിക വിഭാഗത്തില്‍പ്പെട്ട 5 കുട്ടികള്‍ നമ്മുടെ സര്‍ക്കാരിന്റെ സഹായത്തോടെ ചിറക് വിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതു തലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറന്നത്. അവര്‍ അഞ്ചു പേരും ഇന്നലെ എന്റെ ഓഫീസിലെത്തി. നന്ദി പറയാന്‍ … അതല്ല… കൂടുതല്‍ കുട്ടികള്‍ക്ക് ഈ സൗകര്യം കിട്ടാന്‍ ശ്രമിക്കുക…. അതാണ് ആത്മാര്‍ത്ഥമായ നന്ദി…

വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീര്‍ത്തന, കോഴിക്കോടുകാരന്‍ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവരാണ് ചിറകുള്ള ആ ചങ്ങാതിമാര്‍. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഇവരുടെ ഫീസ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ ചെലവുകള്‍ക്കായി 23 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് നല്‍കി..

വരും വര്‍ഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തില്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്‌സ് ‘എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്‌ക്കരിച്ചു…

കൂടുതല്‍ ചിറകുകള്‍ വാനില്‍ പറക്കട്ടെ… കൂടുതല്‍ പുഞ്ചിരി ചുണ്ടുകളില്‍ വിരിയട്ടെ… ഈ അഞ്ചു വൈമാനികര്‍ക്കും ഒരു സ്‌നേഹ സല്യൂട്ട്.

Top