തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും ഇടതുപക്ഷത്തിന്റെ കോട്ടയായ അരൂരും യുഡിഎഫ് സ്വന്തമാക്കി.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ കനത്ത പോരാട്ടത്തിനൊടുവിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ മണ്ഡലം പിടിച്ചടക്കിയത്. അതേ സമയം 1955വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്ന ഷാനിമോള്‍ ഉസ്മാന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാങ്കേതിക തകരാറിനെ തുടര്‍ന്ന് നാല് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല. ഇതിലെ വിവിപാറ്റുകള്‍ എണ്ണി രേഖപ്പെടുത്തിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
കോന്നിയില്‍ 9953 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ കെ.യു.ജനീഷ് കുമാര്‍ വിജയിച്ചത്. ജനീഷ് കുമാറിന് 54099 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 44146 വോട്ടുകള്‍ നേടി യുഡിഎഫിന്റെ പി.മോഹന്‍ രാജ് രണ്ടാം സ്ഥാനത്തെത്തി. 39786 വോട്ടുകള്‍ നേടി ബിജെപിയുടെ കെ.സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. 25 വര്‍ഷത്തിന് ശേഷമാണ് കോന്നി എല്‍ഡിഎഫ് പിടിച്ചെടുത്തത്. സിറ്റിങ് എംഎല്‍എ അടൂര്‍ പ്രകാശ് ലോക്സഭാ അംഗമായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും എറണാകുളം യുഡിഎഫിന് നിലനിര്‍ത്താനായി. 3750 വോട്ടുകള്‍ക്ക് ടി.ജെ.വിനോദാണ് ജയിച്ചത്. വോട്ടെടുപ്പ് ദിവസം മഴ പെയ്തത് കാരണം പോളിങ് ഗണ്യമായി കുറഞ്ഞത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കസൃഷ്ടിച്ചിരുന്നു. എന്നാല്‍ നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും സീറ്റ് നിലര്‍ത്താനായത് അവര്‍ക്ക് ആശ്വാസമായി. 2016-ല്‍ 21949 ഉം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 31178 വോട്ടുകളുടേയും ലീഡ് യുഡിഎഫിന് ഇവിടെ ഉണ്ടായിരുന്നു. ടി.ജെ.വിനോദ് 37891 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച മനു റോയിക്ക് 34141 വോട്ടുകളെ നേടാനായൂള്ളൂ. മനു റോയിയുടെ അപരന് ഇവിടെ 2572 വോട്ടുകള്‍ ലഭിച്ചതും ശ്രദ്ധേയമാണ്. ബിജെപി സ്ഥാനാര്‍ഥിയായ സി.ജി.രാജഗോപാല്‍ 13351 വോട്ടുകള്‍ ലഭിച്ച മൂന്നാമതാണ്. സിറ്റിങ് എംഎല്‍എ ഹൈബി ഈഡന്‍ ലോക്സഭാ അംഗമായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് വന്‍ ഭൂരിപക്ഷത്തോടെയാണ് അട്ടമറി വിജയം നേടിയത്. ഒരു ബൂത്തിലെ ഫലം മാത്രം പുറത്ത് വരാനിരിക്കെ 14465വോട്ടുകള്‍ക്കാണ് പ്രശാന്ത് ഇവിടെ ജയമുറപ്പിച്ചത്. കഴിഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ മൂന്നാം സ്ഥാനാത്തായിരുന്ന എല്‍ഡിഎഫ് എന്നതാണ് ശ്രദ്ധേയം. പ്രശാന്ത് 54830 വോട്ടുകള്‍ നേടിയപ്പോള്‍ കെ.മോഹന്‍ കുമാര്‍ 40365വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപിയുടെ എസ്.സുരേഷ് 27453വോട്ടുകള്‍ മാത്രം നേടി മൂന്നാം സ്ഥാനത്തായി. ഇവിടെ എന്‍.എസ്.എസ്.യുഡിഎഫിനായി പരസ്യ പ്രചാരണത്തിനിറങ്ങിയിരുന്നു.
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എം.സി.കമറുദ്ദീനാണ് വിജയിച്ചത് 7923വോട്ടുകള്‍ക്കാണ് കമറുദ്ദീന്റെ വിജയം. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ രവീശ് തന്ത്രി കുണ്ടാറാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വട്ടിയൂർക്കാവ് : ഇടതുപക്ഷം – വി.കെ പ്രശാന്ത് – 14251 ജയിച്ചു
കോന്നി : ഇടതുപക്ഷം – ജനീഷ് കുമാര്‍ – 10031 ജയിച്ചു
അരൂർ : യു.ഡി.എഫ് – ഷാനിമോള്‍ – 1955 ജയിച്ചു
എറണാകുളം : യു.ഡി.എഫ് – ടി.കെ വിനോദ് – 3673 ജയിച്ചു
മഞ്ചേശ്വരം :യു.ഡി.എഫ് – എം.സി ഖമറുദ്ദീന്‍ – 7923 ജയിച്ചു