കൊച്ചി: കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് സോളാര്‍ കമീഷനില്‍ സരിത എസ്. നായര്‍. ഇതിനായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതിന്റെ രേഖകളും സരിത കമീഷന് മുമ്പാകെ ഹാജരാക്കി. 2012 ആഗസ്റ്റിന് ശേഷം എറണാകുളത്ത് വെച്ചാണ് പണം നല്‍കിയത്. ബെന്നി ബഹനാനെ നേരില്‍ കണ്ടിട്ടുണ്ടെന്നും കാക്കനാട്ടെ തന്റെ വസതിയില്‍ അദ്ദേഹം വന്നിട്ടുണ്ടെന്നും സരിത പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് സരിത എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല എന്ന് സരിത വ്യക്തമാക്കി. സോളാര്‍ കമീഷനിലുള്ള വിശ്വാസം പോലും തനിക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നും താന്‍ കൊടുത്ത തെളിവുകളില്‍ കമീഷന്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്നാഴ്ചക്കുശേഷമാണ് സരിതയുടെ മൊഴിയെടുപ്പ് ഇന്ന് പുനരാരംഭിച്ചത്. മുമ്പ് രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞും മറ്റ് കോടതികളി ല്‍ഹാജാരാകനുണ്ടെന്നറിയിച്ചും സരിത എത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ കമീഷന്‍ കടുത്ത വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. ഈ മാസം 28ന് ഹാജരാകാമെന്നാണ് സരിത അറിയിച്ചിരുന്നതെങ്കിലും ഇന്നുതന്നെ എത്തണമെന്ന് കമീഷന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.