തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണിയുടെ ഭരണകാലാവധി കഴിയുന്നതിനു മുമ്പ് തന്നെ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത വര്‍ഷം തന്നെ ഒന്നര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാമൂഹ്യ പെന്‍ഷനുകള്‍ 2500 രൂപയാക്കും, അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും, കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും, 1500 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വികസനത്തെ വിവാദത്തില്‍ മുക്കാനുള്ള ശ്രമത്തെ ജനം തോല്‍പ്പിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.