മരംമുറി വിവരങ്ങള്‍ കൈമാറിയ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: മരംമുറി വിവരങ്ങള്‍ കൈമാറിയ സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേരെ പേരെ സ്ഥലംമാറ്റി. റവന്യൂ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടത്. മൂന്നു വര്‍ഷം വകുപ്പില്‍ പൂര്‍ത്തിയാക്കിയവരെയാണ് സ്ഥലം മാറ്റിയത്. മരംമുറി ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയെയും മറ്റൊരു വകുപ്പിലേക്ക് മാറ്റി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്.

അതേസമയം അനധികൃത മരം മുറിയില്‍ കര്‍ഷകര്‍ക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവിന്റെ പിന്നാലെ നടപടി എടുത്തിരിക്കുകയാണ് വനംവകുപ്പ്. ഏതൊക്കെ പട്ടയഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങി. 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്റെ ഉത്തരവ്.

Top