ഗോ സംരക്ഷണത്തില്‍ വീഴ്ച ; ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ലഖ്‌നൗ : ഗോ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ മജിസ്‌ട്രേറ്റ് അമര്‍നാഥ് ഉപാധ്യായ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരായ ദേവേന്ദ്ര കുമാര്‍, സത്യ മിശ്ര ചീഫ് വെറ്റിനറി ഓഫീസര്‍ രാജീവ് ഉപാധ്യായ, വെറ്റിനറി ഓഫീസര്‍ ബി കെ മൗര്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മഹാരാജ്ഗഞ്ചിലെ ഗോശാലയില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് യുപി ചീഫ് സെക്രട്ടറി ആര്‍ കെ തിവാരി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഗൊരഖ്പുര്‍ അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

2,500 പശുക്കളാണ് മഹാരാജ്ഗഞ്ചിലെ ഗോശാലയില്‍ ഉള്ളത്. എന്നാല്‍ പരിശോധനയില്‍ 900 പശുക്കളെ മാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ള പശുക്കള്‍ എവിടെയാണെന്ന് അധികൃതര്‍ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ബന്ധപ്പെട്ടവര്‍ നല്‍കിയില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 500 ഏക്കര്‍ ഭൂമിയിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 380 ഏക്കര്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്നും പരിശോധനയില്‍ വ്യക്തമായി.

Top