സിംഗ്രോലി: റിലയന്‍സിന്റെ കല്‍ക്കരി വൈദ്യുത നിലയത്തില്‍ നിന്ന് വിഷ ദ്രാവക ചോര്‍ച്ചയെ തുടര്‍ന്ന് അഞ്ച് പേരെ കാണാതായി.
തലസ്ഥാന നഗരിയായ ഭോപ്പാലില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെ സിംഗ്രോലിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുത നിലയത്തില്‍ നിന്നുള്ള വിഷം ചേര്‍ന്ന വെള്ളം സൂക്ഷിക്കുന്ന കൃത്രിമ കുളം തകര്‍ന്നാണ് അപകടമുണ്ടായത്.
ദ്രാവക ചോര്‍ച്ചയെ തുടര്‍ന്ന് കുളത്തിനു സമീപം താമസിക്കുന്ന അഞ്ചുപേര്‍ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോവുകയായിരുന്നു.
ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വിളകളും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 10 കല്‍ക്കരി വൈദ്യുത നിലയങ്ങളുള്ള സിംഗ്രോലിയില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. വിഷ റിലയന്‍സ് വൈദ്യുത നിലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിത്. നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് സിംഗ്രോലി കളക്ടര്‍ കെ.വി.എസ് ചൗധരി പറഞ്ഞു.
ഗാസിയാബാദിന് ശേഷം രാജ്യത്തെ ഏറ്റവും മലിനീകരണമുള്ള രണ്ടാമത്തെ വ്യവസായ മേഖലയാണ് സിംഗ്രോലിയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു.
നേരത്തെ, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തുന്ന പ്ലാന്റിലേയും എസ്സാര്‍ പ്ലാന്റിലേയും കൃത്രിമ കുളത്തില്‍ ചോര്‍ച്ചയുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ടീം പ്രദേശം സന്ദര്‍ശിച്ചിരുന്നെങ്കിലും പ്ലാന്റിലവശേഷിക്കുന്ന ചാരം നിക്ഷേപിക്കുന്ന കുളങ്ങള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടെന്നായിരുന്നു എല്ലാ വൈദ്യുതി കമ്പനികളും ട്രൈബ്യൂണലിന് ഉറപ്പ് നല്‍കിയത്.