ശബരിമല:ശബരിമലയിലെ അയ്യപ്പക്ഷേത്രസന്നിധിയില്‍ പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരത്തിനു കേടുപാടു വരുത്തിയതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, അഞ്ചുപേര്‍ സംശയകരമായ രീതിയില്‍ കൊടിമരത്തിലേക്ക് എന്തോ ഒഴിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പ്രതിഷ്ഠ നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്വര്‍ണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം ബോര്‍ഡ് ഡിജിപി: ടി.പി. സെന്‍കുമാറിനു പരാതി നല്‍കിയിരുന്നു.
അതേസമയം കൊടിമരം കേടുവരുത്തിയത് മനഃപൂര്‍വമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉച്ചപൂജ കഴിയുന്നതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതോ കുബുദ്ധികള്‍ ചെയ്ത പ്രവര്‍ത്തിയാണിത്. കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സൂചനയെന്ന് മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള വ്യക്തിവൈരാഗ്യവും വിദ്വേഷവും അസൂയയുമാകാം ഈ നീചപ്രവര്‍ത്തിക്ക് ഇടയാക്കിയത്. കുറ്റവാളികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കും.
ആകെ 3.20 കോടി രൂപയാണു കൊടിമരം സ്വര്‍ണ്ണം പൂശുന്നതിന് ചെലവായത്. 9.161 കിലോഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്.