ബസില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം; പാലക്കാട് 200 കിലോ കഞ്ചാവുമായി അഞ്ചു പേര്‍ അറസ്റ്റില്‍

പാലക്കാട്: അതിഥി തൊഴിലാളികളെ കൊണ്ടുവന്ന ബസില്‍ ഒളിപ്പിച്ച് കടത്തിയ 200 കിലോ കഞ്ചാവുമായി പാലക്കാട് നഗരത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ബസില്‍ നിന്നു കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്.

വാളയാറിലെ കര്‍ശന പരിശോധന മറികടക്കാന്‍ വേലംതാവളം വഴിയായിരുന്നു സംഘത്തിന്റെ യാത്ര. ബസ് കാഴ്ചപ്പറമ്പിലെത്തിയപ്പോള്‍ എക്‌സൈസ് കാത്തുനിന്നു കുടുക്കുകയായിരുന്നു. ആലുവ സ്വദേശികളായ വാഹനത്തിന്റെ ഡ്രൈവര്‍ സഞ്ജയ്, സുരേന്ദ്രൻ, അജീഷ്, നിതീഷ്‌കുമാര്‍, ഫാശിഷ് മാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്.

വിശാഖപട്ടണത്തുനിന്നു ശേഖരിച്ച കഞ്ചാവ് പെരുമ്പാവൂരിലെ ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറാന്‍ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കും. വാഹനങ്ങളുെട രേഖകളും പരിശോധിക്കും.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനൊപ്പം പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയുടെ ഭാഗമായി. ബസ് കസ്റ്റഡിയിലെടുത്തതിനാല്‍ അതിഥിതൊഴിലാളികളെ കെഎസ്ആര്‍ടിസി ബസിലാണ് പെരുമ്പാവൂരിലേക്ക് അയച്ചത്.

 

Top