ത്രിതല ശേഷിയുള്ള റഫാല്‍ വിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന സ്വന്തമാക്കിയ റാഫാല്‍ യുദ്ധവിമാനങ്ങളില്‍ അഞ്ചെണ്ണം ഇന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ബുധനാഴ്ചയോടെ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും. ഹരിയാന അമ്പാലയിലെ വ്യോമത്താവളത്തില്‍ എത്തുന്ന വിമാനങ്ങള്‍ വൈകാതെ ലഡാക്ക് മേഖലയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ അബുദാബിയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ വിമാനം ഇറങ്ങും. തുടര്‍ന്നാകും ഇന്ത്യയിലേക്കുള്ള യാത്ര. വിമാനങ്ങള്‍ പറത്താനായി വ്യോമസേനയുടെ പന്ത്രണ്ട് പൈലറ്റുമാര്‍ പരിശീലനം നേടിക്കഴിഞ്ഞു. ആകെ 36 പൈലറ്റുമാര്‍ക്കാണ് റാഫാല്‍ യുദ്ധവിമാനം പറത്താനായി പരിശീലനം നല്‍കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2016 സെപ്തംബറിലാണ് ഫ്രാന്‍സില്‍ നിന്ന് 36 റാഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. അഞ്ചര വര്‍ഷത്തിനകം 36 വിമാനങ്ങളും കൈമാറണമെന്നാണ് വ്യവസ്ഥ.
ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയര്‍ ടു സര്‍ഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ്.

Top