മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുകാരന്‍ മരിച്ചു

മൊറോക്കോയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. റയാന്‍ മരിച്ചതായി മൊറോക്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അഞ്ച് ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുഞ്ഞിനെ പുറത്തെടുക്കാനായത്. ഒരു നാടിന്റെ മുഴുവന്‍ കാത്തിരിപ്പും സാമൂഹിക മാധ്യമങ്ങളിലെ സേവ് റയാന്‍ ക്യാംപെയ്‌നും വിഫലമാക്കിയാണ് റയാന്‍ വിട പറഞ്ഞത്.

കനത്ത മണ്ണിടിച്ചില്‍ ഭീഷണി അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ രാത്രിയോടെ റയാന് സമീപമെത്തി. കുഞ്ഞിനേയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ ആംബുലന്‍സിനകത്തേക്ക് ഓടി. തൊട്ടുപിന്നാലെ മാതാപിതാക്കളും ആംബുലന്‍സിലേക്ക് പാഞ്ഞു. സിനിമകളെ അനുസ്മരിക്കുന്ന രംഗത്തിനൊടുവില്‍ പരിശോധനകള്‍ക്ക് പിന്നാലെ റയാന്‍ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. കൊടുംതണുപ്പിനെ അതിജീവിച്ച് റയാന്‍ രക്ഷപ്പെടുന്നതും കാത്ത് തടിച്ചുകൂടിയവര്‍ നിരാശരായി.

മൊറോക്കോയിലെ ഷെഫ്ചൗവന്‍ നഗരത്തിന് സമീപമുള്ള വീട്ടിനടുത്തുള്ള കുഴല്‍ക്കിണറിലാണ് റയാന്‍ അകപ്പെട്ടത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കുടുങ്ങിയത്. ഇടുങ്ങിയ കിണറില്‍ 32 മീറ്റര്‍ താഴ്ചയില്‍ കുട്ടിയുണ്ടെന്ന് കണ്ടെത്തിയതോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഓക്‌സിജനും വെള്ളവും ഭക്ഷണവും കുഴിക്കകത്തേക്ക് എത്തിച്ചു.

ഇതിനൊപ്പം കിണറിന് സമീപത്ത് നിന്ന് മണ്ണ് നീക്കി കുഞ്ഞിനടുത്തേക്ക് എത്താനുള്ള ശ്രമവും തുടങ്ങി. പാറകളെയും മണ്ണിടിച്ചിലിനെയും അതിജീവിച്ചുള്ള ദൗത്യം ഒടുവില്‍ കുഞ്ഞിനടുത്തെത്തിെയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെ റയാന്റെ മാതാപിതാക്കളെ മൊറോക്കന്‍ രാജാവ് മുഹമ്മദ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു.

Top