ഫ്‌ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി

തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള റിയല്‍ എസ്റ്റേറ്റ് ചട്ടത്തിന് രൂപമായി. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ കടുത്ത വ്യവസ്ഥകള്‍ അടങ്ങുന്ന ചട്ടത്തിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.കരാര്‍ ലംഘനം നടത്തുന്ന റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ 15 ശതമാനം വരെ പിഴ ഒടുക്കണമെന്നതാണ് ചട്ടത്തിലെ ഏറ്റവും സുപ്രധാനമായ വ്യവസ്ഥയുള്ളത്.

ഫ്‌ളാറ്റ് തട്ടിപ്പ് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള ചട്ടത്തില്‍ കെട്ടിടത്തിന്റെ അഞ്ചുവര്‍ഷം വരെയുളള അറ്റകുറ്റപ്പണികള്‍ നിര്‍മ്മാതാക്കളുടെ ചുമതലയാണ്. ഉപഭോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി. റിയല്‍ എസ്റ്റേ്റ്റ് ഏജന്റ് രജിസ്‌ട്രേഷന്‍ നടപടിക്കായി 25000 രൂപ ഫീസ് ഇനത്തില്‍ നല്‍കണം.

കമ്പനിയോ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമോ രജിസ്‌ട്രേഷന്‍ ഫീസായി 2,50000 രൂപ നല്‍കണമെന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രം നിയമം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് കേരളം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാതിരുന്നത് മൂലം നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നിരുന്നില്ലെന്നും, ഇത് നിരവധി ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ചട്ടത്തിന് രൂപം നല്കിയത്.

Top