തൃശൂര്‍:അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണ്ണൂര്‍ സ്വദേശി സതീശനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെ.പി.സി.സി മുന്‍ സെക്രട്ടറി രാമദാസ് കോടതിയില്‍ കുഴഞ്ഞുവീണു. ഇന്നു രാവിലെ തൃശൂര്‍ സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ രാമദാസിനെ രണ്ടാഴ്ചത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. വിധി കേട്ടയുടന്‍ രാമദാസ് കോടതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ രാമദാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ജയിലിലടയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.
കൊലക്കേസില്‍ ഒളിവില്‍ പോയിരിക്കുന്ന കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് റഷീദിന് എല്ലാ സഹായവും ചെയ്തു കൊടുത്തത് രാമദാസാണെന്ന്‌പൊലീസ് കണ്ടെത്തി. റഷീദിന്റെ കാമുകി ശാശ്വതിയുടെ ഫ്‌ളാറ്റിലാണ് കൊലപാതകം നടന്നത്. ശാശ്വതി, കൃഷ്ണപ്രസാദ്, തിരുകൊച്ചി ബാങ്ക് പ്രസിഡന്റ് സുനില്‍ തുടങ്ങിയവര്‍ അടക്കം ആറുപേര്‍ റിമാന്‍ഡിലാണ്. റഷീദിന്റെ ഒളിത്താവളങ്ങളും സങ്കേതങ്ങളും രാമദാസിന് അറിയാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും രാമദാസിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.