തിരുവനന്തപുരം: സമ്പന്നതയോടുള്ള അടങ്ങാത്ത അഭിനിവേശം ഭര്‍ത്താവിന്റെ കുടുംബത്തെ ‘പിടിമുറുക്കിയപ്പോള്‍’ കുരിശിലേറ്റപ്പെട്ട് രക്തസാക്ഷിയായതാണ് നടി ധന്യമേരി വര്‍ഗ്ഗീസെന്ന് സുഹൃത്തുക്കള്‍.
അഭിനയ രംഗത്ത് സജീവമായിരുന്ന ധന്യമേരി വര്‍ഗ്ഗീസിനെ സംബന്ധിച്ച് ഒരിക്കലും വശമില്ലാത്ത ഏര്‍പ്പാടായിരുന്നു ബിസിനസ്സ്.
വിവാഹ ശേഷം അഭിനയ രംഗത്തോട് വിട പറഞ്ഞ ധന്യയെ ഈ രംഗത്തേക്ക് വലിച്ചിഴച്ചത് ഭര്‍തൃപിതാവ് ജോണ്‍ ജേക്കബിന്റെ ബിസിനസ്സ് താല്‍പര്യങ്ങളായിരുന്നുവത്രെ.
ഭര്‍ത്താവായ ജോണ്‍ കൂടി പ്രോത്സാഹിപ്പിച്ചതോടെ ഇവരോടൊപ്പം കസ്റ്റമേഴ്‌സുമായുള്ള ചില കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുകയും മറ്റും ചെയ്തതോടെ ഈ ചെളിക്കുണ്ടില്‍ ധന്യ അറിയാതെ വീഴുകയായിരുന്നുവെന്നാണ് ധന്യയുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
മരുമകളുടെ താരപരിവേഷം വിറ്റ് കാശാക്കിയ ഭര്‍തൃപിതാവും എല്ലാറ്റിനും ഒത്താശ ചെയ്ത ഭര്‍ത്താവുമാണ് ഈ ഗതികേടിലേക്ക് ധന്യയെ തള്ളിവിട്ടതെന്നാണ് ആക്ഷേപം.
സാമ്പത്തിക ഇടപാടുകളെല്ലാം നടത്തിയത് ഭര്‍ത്താവിന്റെ കുടുംബമാണെന്ന് വ്യക്തമായതിനാല്‍ ഒടുവില്‍ ധന്യക്ക് കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഹപ്രവര്‍ത്തകര്‍.
ധന്യയുടെ അപ്രതീക്ഷിത അറസ്റ്റ് സിനിമാ മേഖലയേയും ഞെട്ടിച്ചിട്ടുണ്ട്. കുടുംബക്കാരുടെ ഏത് ബിസിനസ്സ് സംരംഭമായാലും അതില്‍നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന ചിന്താഗതിയിലാണ് ഇപ്പോള്‍ താരങ്ങള്‍.
നല്ല ബന്ധം തിരഞ്ഞെടുക്കുമ്പോള്‍ സമ്പത്ത് മാത്രം മാനദണ്ഡമാക്കിയാല്‍ കുരുക്കിലാകുമെന്ന വ്യക്തമായ സൂചന കൂടിയായാണ് ധന്യയുടെ അറസ്റ്റെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ ധന്യയും ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബ്, ഭര്‍തൃസഹോദരന്‍ സാമുവല്‍, ഭര്‍ത്താവിന്റെ പിതാവ് ജേക്കബ് സാംസണ്‍ എന്നിവരെ തിരുവനന്തപുരം സിറ്റി പൊലീസിന് കീഴിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് അറസ്റ്റ് ചെയ്തിരുന്നത്.
ധന്യയുടെ ഭര്‍തൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നതെന്നാണ് പൊലീസ് പറയുന്നത്. ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണാണ് ആദ്യം അറസ്റ്റിലായത്. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിയെന്നാണ് 3.കേസ്.
മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി ഇവര്‍ 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ അഡ്വാന്‍സ് തുകയായി കൈപ്പറ്റിയെന്നാണ് പരാതി.
പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്‌ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനമത്രെ. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫ്‌ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടു നിന്നതായാണ് പരാതിക്കാരുടെ ആരോപണം.
എന്നാല്‍ ഭര്‍തൃകുടുംബത്തിന്റെ നിര്‍ദ്ദേശപ്രകാരം ഗത്യന്തരമില്ലാതെയാണ് ധന്യക്ക് ഈ ജോലി സ്വീകരിക്കേണ്ടി വന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
ഏതൊരു സ്ഥാപനത്തിലും സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യേണ്ട ഒരു വ്യക്തി നിര്‍വഹിക്കേണ്ട കടമ മാത്രമേ ധന്യ നിര്‍വഹിച്ചിട്ടുള്ളുവെന്നിരിക്കെ ഇവരെ ‘ടാര്‍ഗറ്റ് ‘ ചെയ്തത് കേസിനെ സെന്‍സേഷന്‍ ആക്കാന്‍ വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്.
നടി കുടുങ്ങിയാല്‍ കിട്ടുന്ന വാര്‍ത്താ പ്രാധാന്യം കണക്കിലെടുത്ത് പൊലീസിലെ ചിലരും ധന്യയെ കുടുക്കാന്‍ ‘പ്രത്യേക’ താല്‍പര്യമെടുത്തുവെന്നും ആരോപണമുണ്ട്.
ഒരു അന്വേഷണ ഉദ്യോഗസ്ഥന് ഏത് കേസിലാണെങ്കിലും ആരെ പ്രതികളാക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും തീരുമാനിക്കുന്നതിനുള്ള വിവേചനാധികാരമുണ്ട്. അത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് നിയമം.
സമാനമായ നിരവധി പ്രമാദതട്ടിപ്പ് കേസുകള്‍ സംസ്ഥാനത്ത് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പലതിലും ഇപ്പോള്‍ പൊലീസ് കാണിച്ച ജാഗ്രത ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ആദ്യം തണുക്കുകയും പിന്നീട് ‘ഉഷാറാവുകയും’ ചെയ്ത പൊലീസിന്റെ ഈ അമിത താല്‍പര്യം തന്നെയാണ് ഇപ്പോള്‍ ചില സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.
കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ നടിക്കൊപ്പമുണ്ടെന്ന പ്രചരണം നടത്തുന്നത് പോലും ചില കേന്ദ്രങ്ങളുടെ ‘ഹിഡന്‍ അജണ്ട’യുടെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.