ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്‌ളെക്‌സി നിരക്ക് സംവിധാനം നടപ്പാക്കിയത് വഴി റെയില്‍വേയുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധന.
ഫ്‌ളെക്‌സി നടപ്പാക്കി ഒരു വര്‍ഷത്തിനകം 540 കോടി രൂപയാണ് നേടാനായതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ഫ്‌ളെക്‌സി നിരക്ക് വന്നതിനു ശേഷം യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. യാത്രക്കാര്‍ ഈ പദ്ധതിക്ക് എതിരല്ലെന്നും അതുകൊണ്ട് തന്നെ പദ്ധതി നിര്‍ത്തലാക്കാന്‍ റെയില്‍വെ ഉദ്ദ്യേശിക്കുന്നില്ലെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.
2016 സെപ്തംബറില്‍ ആരംഭിച്ച ഫ്‌ളെക്‌സി നിരക്ക് സംവിധാനം രാജധാനി, ശതാബ്ദി, തുരന്തോ എകസ്പ്രസുകളിലെ പത്ത് ശതമാനം സീറ്റുകളില്‍ സാധാരണ നിരക്കില്‍ യാത്ര ചെയ്യാനനുവദിക്കുന്നതാണ്. പത്ത് ശതമാനം സീറ്റുകള്‍ക്ക് പുറമേ 50 ശതമാനം ബെര്‍ത്തുകളിലും ഈ സംവിധാനം ലഭ്യമായിരുന്നു.
ചുരുങ്ങിയ കാലയളവില്‍ തുരന്തോ വണ്ടികള്‍ 140 കോടിയും ശതാബ്ദി വണ്ടികള്‍ 120 കോടിയും ഈ ഇനത്തില്‍ സംമ്പാദിച്ചു. പദ്ധതി പ്രകാരം മാസത്തില്‍ 80 കോടിയുടെ അധിക വരുമാനമാണ് റെയില്‍വെയ്ക്ക് ഉണ്ടാകുന്നത്.