പാരിസ്: വിമാനയാത്രക്കിടയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് എയര്‍ബസ്. യാത്രക്കിടയില്‍ കിടന്നുറങ്ങാന്‍ പറ്റുന്ന തരത്തിലുള്ള സംവിധാനമാണ് കമ്പനി ഒരുക്കാന്‍ ഒരുങ്ങുന്നത്. വിമാനങ്ങളിലെ കാര്‍ഗോ സ്‌പേസ് കിടക്കയും വിരിയുമൊക്കെയുള്‍പ്പെടുത്തിയുള്ള ഡെക്കുകളാക്കി മാറ്റി പുതിയ പരീക്ഷണത്തിനാണ് ഇത്തരത്തില്‍ കമ്പനി തയ്യാറെടുക്കുന്നത്.
2020 ഓടെ എയര്‍ബസിന്റെ എ330 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി ഉറക്കമുറികളുണ്ടാവുമെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനിയായ സോഡിയാകുമായി സഹകരിച്ചാണ് ഈ സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ കമ്പനി നിര്‍മ്മിക്കുക. കാര്‍ഗോ കണ്ടെയ്‌നേഴ്‌സായി എളുപ്പത്തില്‍ മാറ്റാന്‍ കഴിയുന്ന തരത്തിലുമായിരിക്കും ഇവയുടെ രൂപകല്പന. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതോടൊപ്പം ബിസിനസ് രംഗത്തെ മത്സരങ്ങളില്‍ ഒരുപടി മുന്നിലെത്തുക എന്ന ലക്ഷ്യവുമാണ് ഇതിനു പിന്നില്‍.