ഗള്‍ഫ് നാടുകളില്‍ ബലിപെരുന്നാള്‍; പ്രവാസികളുടെ നടുവൊടിച്ച് വിമാന ടിക്കറ്റ് നിരക്ക്

അബുദാബി: ബലിപെരുന്നാള്‍ അടുത്തതോടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. ഓഗസ്റ്റ് 8- ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17-ന് തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്നവരെയാണ് ടിക്കറ്റ് നിരക്ക് വര്‍ധനവ് ബാധിക്കുന്നത്.

വിമാനക്കമ്പനികളുടെ ഈ നീക്കം പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. ഓഗസ്റ്റ് 8-നുള്ള ഷാര്‍ജ- ഡല്‍ഹി എയര്‍ അറേബ്യ വിമാനത്തിന് 2,608 ദിര്‍ഹ( 49,468.18 രൂപ)മാണ് ടിക്കറ്റ് നിരക്ക്. ഈ ദിവസം മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 2,993 ദിര്‍ഹ(56,770.80 രൂപ)മാണ്. 53,242.78 രൂപയാണ് കറാച്ചിയിലേക്കുള്ള എയര്‍ അറേബ്യ ടിക്കറ്റ് നിരക്ക്. എമിറേറ്റ്‌സിന്റെയും ഫ്‌ലൈദുബായിയുടെയും ടിക്കറ്റ് നിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 62,878.45 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

Top