വിമാനസർവീസ് നാളെ മുതൽ ; സ്വദേശികൾക്കിനി സൗദിയിലേക്ക് മടങ്ങാം

സൗദി അറേബ്യ : സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും സൗദിയിലേക്ക് മടങ്ങി വരാന്‍ വിമാന സര്‍വീസുകള്‍ നാളെ മുതൽ ആരംഭിക്കുമെന്ന് സൗദി അറേബ്യ. നിബന്ധനകളോടെയാണ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജനുവരി ഒന്നിന് ശേഷമാണ് എല്ലാ അതിർത്തികളും തുറന്ന് മുഴുവന്‍ വിദേശ സര്‍വീസുകളും സാധാരണനിലയിലാവുക.

 

സര്‍ക്കാര്‍ ജീവനക്കാര്‍, സൈനികര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, കായിക താരങ്ങള്‍ രോഗികള്‍, ആശ്രിത വിസയിലുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നൽകുന്നത്. ഈ വിഭാഗത്തില്‍ പെട്ടവര്‍‌ക്ക് രാജ്യത്തിന് പുറത്ത് പോകാനും തിരിച്ചു വരാനും എപ്പോഴും അനുമതിയുണ്ടാകും.

 

സര്‍വീസുകള്‍ സാധാരണ രീതിയിലാവുക ജനുവരി ഒന്നിന് ശേഷമായിരിക്കും . അന്നു മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള പ്രോട്ടോകോള്‍ ഡിസംബര്‍ ആദ്യ വാരം പ്രഖ്യാപിക്കും. പ്രവാസികളുടെ രാജ്യത്തെ കോവിഡ് സ്ഥിതി പരിശോധിച്ചാകും അനുമതി നല്‍കുക. നാളെ ആരംഭിക്കുന്ന യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

 

അതേസമയം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സംബന്ധിച്ച് യാത്രാ ഏജന്‍സികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. പ്രോട്ടോകോള്‍ തയ്യാറാക്കിയ ശേഷമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക. എന്നിരുന്നാലും ഉംറ സര്‍വീസുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഏജന്‍സികള്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

Top