വായുമലിനീകരണം രൂക്ഷം : ഡല്‍ഹിയില്‍ 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി : ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണ തോതില്‍ വന്‍ വര്‍ധന ഉണ്ടായതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തു. അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് കെജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്തുവെങ്കിലും രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിനെ കാര്യമായി കുറക്കാന്‍ സാധിച്ചിട്ടില്ല. മലിനീകരണം മാറ്റമില്ലാതെ തുടരുന്നത് രാജ്യതലസ്ഥാനത്ത് സാധാരണ ജീവിതത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്

തിങ്കളാഴ്ച ആരംഭിക്കുന്ന ഒറ്റ, ഇരട്ട വാഹന നിയന്ത്രണത്തിലൂടെ മലിനീകരണം ഒരു പരിധി വരെയെങ്കിലും കുറക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി സര്‍ക്കാര്‍.

Top