flim actor V.D rajappan dead

തിരുവനന്തപുരം: പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടു കാലത്തോളം കഥാപ്രസംഗ രംഗത്തെ ജനകീയ സാന്നിധ്യമായിരുന്നു. അന്‍പതില്‍ അധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

എഴുപതുകളിലാണ് തമാശയില്‍ ചാലിച്ചെടുത്ത കഥാപ്രസംഗവുമായി രാജപ്പന്‍ മലയാളക്കരയെ കീഴടക്കിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയില്‍ ഹാസ്യ നടനായും തിളങ്ങി.

കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം ഹാസ്യകലാപ്രകടനം നടത്തിയിട്ടുണ്ട്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു കഥകളിലെ കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ രാജപ്പന്റെ ശബ്ദത്തില്‍ ഒട്ടേറെ മലയാളികള്‍ രണ്ടു കയ്യുംകൊട്ടി സ്വീകരിച്ചു. പ്രിയേ നിന്റെ കൊര, കുമാരി എരുമ, പോത്തുപുത്രി, മാക്മാക്, ചികയുന്ന സുന്ദരി തുടങ്ങിയ കഥകള്‍ ഒട്ടേറെ നിറഞ്ഞ വേദികളില്‍ കയ്യടി നേടി.

കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ആലിബാബയും ആറരക്കള്ളന്മാരും’ എന്ന ചിത്രത്തിലെ അഭിനയത്തോടെ സിനിമാരംഗത്തുനിന്നു വിടവാങ്ങി.

Top