Flipkart Ltd on Tuesday announced that it has acquired online retail portal Jabong through its fashion subsidiary Myntra

ഡല്‍ഹി : ഫാഷന്‍ റീട്ടെയ്‌ലറായ ജബോംഗിനെ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറായ മിന്ത്ര ഏറ്റെടുത്തു. ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍ വസ്തുക്കളുടെ വില്‍പ്പന മേഖലയെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മിന്ത്രയുടെ ഈ ഏറ്റെടുക്കല്‍.

രാജ്യത്തെ ഇ കൊമേഴ്‌സ് മേഖലയില്‍ വളര്‍ച്ചയ്ക്കായാണ് മിന്ത്രയുടെ ഈ ഉദ്യമം. ലൈഫ് സ്‌റ്റൈല്‍ ഉത്പന്ന മേഖലയില്‍ കരുത്തുറ്റ സാന്നിധ്യം തെളിയിക്കുകയെന്നതാണ് മിന്ത്രയുടെ ലക്ഷ്യം.

ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പിന്റെ ഭാഗമായ ജബോംഗിനെ ഏറ്റെടുക്കാന്‍ സ്‌നാപ് ഡീല്‍, റിലയന്‍സ് റീട്ടെയ്ല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് എന്നീ കമ്പനികള്‍ മുന്നോട്ടുവന്നിരുന്നു. കമ്പനികള്‍ ജബോംഗുമായി പ്രാഥമിക ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ ഫല്‍പ്കാര്‍ട്ടിന്റെ ഭാഗമായ മിന്ത്രയാണ് ഒടുവില്‍ ജബോമഗിനെ ഏറ്റെടുത്തത്.

രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബംഗലൂരു ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മിന്ത്രയെ ഫല്‍പ്കാര്‍ട്ട് ഏറ്റെടുക്കുന്നത്. 2000 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്. മിന്ത്രയും ജബോംഗും സംയുക്തമായി ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ രംഗത്ത് സജീവമാകുന്നതോടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്ത് പുതിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1.5 കോടി ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ വഴി ഉത്പ്പന്നങ്ങള്‍ വാങ്ങാനെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2012 ലാണ് ജബോഗ് റീട്ടെയ്ല്‍ രംഗത്തേക്ക് കടന്നുവരുന്നത്. മിന്ത്രയുമായി കടുത്ത മത്സരമായിരുന്നു ജബോംഗ് നടത്തിയിരുന്നത്. എന്നാല്‍ 2014ല്‍ 159.5 കോടി നഷ്ടത്തിലായിരുന്നു. വിറ്റുവരവ് 811.4 കോടി രൂപയാണ്. 2015ല്‍ നഷ്ടം 46.7 കോടി രൂപയായി കുറഞ്ഞു.

ഡിസ്‌കൗണ്ടുകള്‍ കുറച്ചും മാര്‍ജിന്‍ കുറഞ്ഞ ഉത്പ്പന്നങ്ങള്‍ പിന്‍വലിച്ച് പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിച്ചും 2017ഓടെ ലാഭം നേടാനുള്ള ഒരുക്കത്തിലായിരുന്നു ജബോംഗ്. ജര്‍മ്മനിയിലെ റോക്കറ്റ് ഇന്റര്‍നെറ്റ് എസ്ഇ, സ്വീഡിഷ് നിക്ഷേപ സ്ഥാപനമായ എബി കിന്നിവിക് എന്നിവരാണ് ജബോംഗിലെ മുഖ്യ നിക്ഷേപകര്‍.

Top