ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നീരൊഴുക്കില്‍ അപ്പര്‍ കുട്ടനാട്ടിലെ ജനിരപ്പ് ഉയരുന്നു. തിരുവല്ലയിലെ നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, ഇരവിപേരൂര്‍, പഞ്ചായത്തുകളില്‍പ്പെട്ട വിവിധ പ്രദേശങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ഇതോടെ ഈ പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പകല്‍ മഴ കുറവായിരുന്നുവെങ്കിലും അച്ചന്‍കോവിലാറിലെയും പമ്പാനദിയിലേയും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലവെള്ളത്തിനൊപ്പം അണക്കെട്ട് തുറക്കുന്ന വെള്ളം കൂടിയെത്തിയാല്‍ അപ്പര്‍ കുട്ടനാട്ടില്‍ വന്‍തോതില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്ക നേരത്തെ തന്നെ നിലനിന്നിരുന്നു. വാലേല്‍ പ്രേദേശത്തെ പുരയിടങ്ങളില്‍ രാവിലെ തന്നെ ചെറിയ തോതില്‍ വെള്ളം കയറിയിരുന്നു. ആലപ്പുഴ കൈനകരിയില്‍ ഐലന്‍ഡ് വാര്‍ഡില്‍ വെള്ളം കയറിയിരുന്നു.
കഴിഞ്ഞപ്രളയം ദുരിതം വിതച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നൂറുകണക്കിന് വീടികളിലും കൃഷിയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി. രാവിലെ ആറ് ക്യാമ്പുകളാണ് ആരംഭിച്ചതെങ്കില്‍ വൈകിട്ടോടെ ക്യാമ്പുകളുടെ എണ്ണം വര്‍ധിച്ചു. ഇപ്പോള്‍ 24 ക്യാമ്പുകളിലായി 2000 ആളുകള്‍ അഭയം തേടിയിട്ടുണ്ട്. പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ വാര്‍ഡുതല പ്രളയ ദുരിതാശ്വാസ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
രാത്രിയില്‍ വെള്ളം കൂടുതല്‍ ഒഴുകി എത്തിയാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, ഐടിബിപി സേനാംഗങ്ങള്‍ ചെങ്ങന്നൂരില്‍ ക്യാമ്പുചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങളും ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു. പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ എത്രയും പെട്ടന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.