ന്യൂഡല്‍ഹി: കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന നിലപാട് തിരുത്തി കേന്ദ്രം. കേരളത്തിനു അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.
കേന്ദ്രം നല്‍കിയ 89,540 മെട്രിക് ടണ്‍ അരി ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വരില്ലെന്നും, 100 ടണ്‍ പയര്‍വര്‍ഗങ്ങളും കേരളത്തിനു അനുവദിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്ത് മതിയായ വിതരണം ഉറപ്പ് വരുത്തി ദിവസേന 80 ടണ്‍ പയര്‍വര്‍ഗങ്ങള്‍ നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മാത്രമല്ല, അരിയും ധാന്യങ്ങളും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും, കേരളം 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിനു ഇനിയുംആവശ്യമായി വന്നാല്‍ സഹായിക്കാന്‍ തന്റെ വകുപ്പ് തയാറാണെന്നും പസ്വാന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ, പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാദമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കേരളത്തിന് അനുവദിച്ച ദുരിതാശ്വാസ ഫണ്ടില്‍നിന്ന് കുറയ്ക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
89,540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപയാണ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേരളം തത്ക്കാലം പണം നല്‍കേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
പ്രളയത്തെ തുടര്‍ന്നു സൗജന്യമായി അരിനല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് വിദേശ സഹായങ്ങള്‍ വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉള്‍പ്പെടെയുള്ള സഹായം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കേരളത്തിനാവശ്യമായ ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
വിദേശരാജ്യങ്ങള്‍ കേരളത്തെ സഹായിക്കാനായി രംഗത്ത് എത്തിയിരിക്കുന്‌പോഴാണ് കേന്ദ്രസര്‍ക്കാര്‍ അരിയുടെ തുക ആവശ്യപ്പെട്ടത്. യുഎഇ 700 കോടി രൂപയുടെ സഹായമാണ് കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.