പ്രളയം; വീടുകളുടെ പുനര്‍നിര്‍മ്മാണം മാര്‍ച്ചിനു മുന്‍പ് നടത്തണം, കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മ്മാണം അടുത്ത മാര്‍ച്ചിനു മുന്‍പായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പുനര്‍നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലല്ലാതെ അതിനെ ചലഞ്ചായി ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ സജ്ജമാകണമെന്നും വാര്‍ഷികപദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളും പ്രത്യേകമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും എങ്ങനെ കൂട്ടിയോജിപ്പിച്ച് സമഗ്രതയില്‍ എത്തിക്കാനാവുമെന്ന് ശ്രദ്ധിക്കണമെന്നും നവകേരള നിര്‍മ്മിതിയ്ക്ക് പുതിയ സങ്കേതങ്ങളും മാനവും വേണമെന്നും സുസ്ഥിരമായ മാര്‍ഗങ്ങളാകണം ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനരധിവാസത്തിന് രാജ്യസഭാ അംഗങ്ങള്‍ 36 കോടി രൂപ നല്‍കാന്‍ തീരുമാനമായിരുന്നു.

എംപിമാരുടെ വികസന ഫണ്ടില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. 60 എംപിമാരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറാന്‍ ഒരുങ്ങുന്നത്.

എന്നാല്‍, കേരളത്തിന് പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച തുകയില്‍ നിന്ന് 143.54 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സംസ്ഥാന ദുരന്തനിവാരണനിധി (എസ്.ഡി.ആര്‍.എഫ്.)യില്‍ ഓഖി ദുരിതാശ്വാസമായി അനുവദിച്ച തുക ചെലവഴിക്കാതെ ബാക്കി വന്നതാണ് തുക വെട്ടിക്കുറയ്ക്കാന്‍ കാരണമായിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ആറിന് ചേര്‍ന്ന യോഗം ദേശീയ ദുരന്തനിവാരണനിധി (എന്‍.ഡി.ആര്‍.എഫ്.)യില്‍ നിന്ന് കേരളത്തിന് 3048 കോടി രൂപ അനുവദിച്ചിരുന്നു. ആഭ്യന്തരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ 10ന് ഇറക്കിയ ഉത്തരവില്‍ 2304.85 കോടി രൂപ നല്‍കാനാണ് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

നേരത്തേ അനുവദിച്ച 600 കോടിയും ഓഖി ഫണ്ടില്‍ ചെലവഴിക്കാതെയിരുന്ന 143.54 കോടിയും കുറച്ചാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

തുക കുറച്ചാണ് ഖജനാവിലേക്ക് കിട്ടിയതെന്ന് എസ്.ഡി.ആര്‍.എഫിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനും സ്ഥിരീകരിച്ചു. എസ്.ഡി.ആര്‍.എഫിന് അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന ഫണ്ടാണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

ലോകബാങ്കും യു.എന്നും നടത്തിയ പഠനത്തിനുശേഷം 31,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ആദ്യമുണ്ടായ മഴയിലെ നഷ്ടത്തിന് 820 കോടിയും പിന്നീടുണ്ടായ പ്രളയനഷ്ടത്തിന് 4796 കോടിയുമടക്കം 5616 കോടി രൂപ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Top