പെരുമഴയില്‍ മുങ്ങി കുട്ടനാട്; ആറുകളും തോടുകളും കരകവിഞ്ഞു, വീടുകളും റോഡുകളും വെള്ളത്തില്‍

ആലപ്പുഴ: കനത്ത മഴയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു. തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളിലും കനത്ത മഴയാണ്. ബുധനൂര്‍, ചെന്നിത്തല, ചെറിയ നാട്, വെണ്‍മണി പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി.

വെണ്‍മണിയിലും ചെറിയനാടും രണ്ടു ദുരിതാശ്വാസ ക്യാംപുകള്‍ വീതം തുറന്നു. അച്ചന്‍കോവിലാര്‍, കുട്ടമ്പേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞൊഴുകുന്നു. കുട്ടനാട്ടില്‍ ആറുകളിലും തോടുകളൂം ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കൈനകരി, കാവാലം, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലാണ് രൂക്ഷമായ വെള്ളപ്പൊക്കം.

ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ രാവിലെ വെള്ളക്കെട്ടൊഴിഞ്ഞെങ്കിലും വേലിയേറ്റം വര്‍ധിക്കുന്നത് ജലനിരപ്പ് ഉയരാനിടയാക്കി. ഇപ്പോള്‍ ഒന്നാം കരയ്ക്കും പള്ളിക്കുട്ടുമ്മയ്ക്കും ഇടയിലാണ് വെള്ളക്കെട്ടുള്ളത്. കിടങ്ങറ പെട്രോള്‍ പമ്പിനു സമീപവും വെള്ളം കയറി. ഈ പ്രദേശത്ത് വലിയ കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കായംകുളം – പുനലൂര്‍ റോഡില്‍ വെട്ടിക്കോട്ട് ചാല്‍ നിറയാറായി. മഴ തുടര്‍ന്നാല്‍ കെപി റോഡില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.

കെപി റോഡിലെ നൂറനാടുനിന്നു എംസി റോഡിലെ പന്തളത്തേക്കുള്ള റോഡില്‍ കുടശ്ശനാട് മാവിളമുക്കില്‍ വെള്ളം കയറിത്തുടങ്ങി. കരിങ്ങാലില്‍ ചാല്‍ പുഞ്ചയില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്നാണ് റോഡില്‍ വെള്ളം കയറിയത്. അച്ചന്‍കോവിലാറ്റില്‍ വെള്ളം കയറുന്നത് മാവേലിക്കര താലൂക്കിലെ പല റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാനിടയാക്കും.

Top