flood in thiruvandhapuram

തിരുവനന്തപുരം: മഴയും കടല്‍ക്ഷോഭവും ശക്തമായ തലസ്ഥാനത്ത് മത്സ്യബന്ധനത്തിനിടെ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ വര്‍ഗീസിനെയാണ് കാണാതായത്. ഏതാനും ദിവസങ്ങളായി തോരാതെപെയ്യുന്ന മഴ ജില്ലയില്‍ ജന ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്.

തലസ്ഥാനത്ത് താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ചാക്ക, വിഴിഞ്ഞം, മുട്ടത്തറ , കണ്ണമ്മൂല, ഗൗരീശപട്ടം, തിരുവല്ലം, വാഴമുട്ടം , വേളി പൊഴി തുടങ്ങി നിരവധി സ്ഥലങ്ങളിലായി അമ്പതോളം വീട്ടുകാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇന്നലെ രാത്രിമുതല്‍ തുടങ്ങിയ മഴയാണ് നഗരത്തില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്.

തലസ്ഥാന നഗരത്തെ വെള്ളപ്പൊക്ക വിമുക്തമാക്കാനായി നടപ്പാക്കിയ ഓപ്പറേഷന്‍ അനന്തകൊണ്ടും ഇന്നലെ പെയ്ത മഴയെ അതിജീവിക്കാന്‍ നഗരത്തിനായില്ല. നഗരഹൃദയമായ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം അധികം പൊങ്ങിയില്ലെങ്കിലും തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡും പഴവങ്ങാടി ഗണപതി ക്ഷേത്രപരിസരവും വെള്ളത്തില്‍ മുങ്ങി.

എസ്.എസ് കോവില്‍ റോഡിന്റെ തുടക്കം മുതല്‍ എസ്.ബി.ടി സോണല്‍ ഓഫീസ് വരെയുള്ള ഭാഗം തീര്‍ത്തും വെള്ളക്കെട്ടിലാണ്. എസ്.ബി.ടി സോണല്‍ ഓഫീസിനുള്ളില്‍ കൂടി മസ്ജിദ് ലൈനിലെ ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴിയിലേക്കുള്ള ഓടയിലെ ഒഴുക്ക് നിലച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

ചാക്ക ബൈപ്പാസ്, പാറ്റൂര്‍ ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി. തീരദേശത്ത് ഇന്നും കടലാക്രമണം ശക്തമായി തുടരുകയാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് വലിയതുറയിലും വിഴിഞ്ഞത്തും ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിതവും ദുരിതപൂര്‍ണമാണ്. ഇവര്‍ക്കാവശ്യമായ സൗജന്യറേഷനോ സാമ്പത്തികസഹായമോ ഇതുവരെയും അനുവദിച്ചിട്ടില്ല.

കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിലെ കടല്‍ഭിത്തി നിര്‍മ്മാണവും ആരംഭിച്ചിട്ടില്ല. ശക്തമായ മഴയില്‍ ജില്ലയിലെ നദികളിലും തോടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top