തിരുവനന്തപുരം: പ്രളയസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഎഇയില്‍ നിന്ന് 700 കോടി രൂപ കിട്ടുമെന്ന് മുഖ്യമന്ത്രിയോട് ആരാണ് പറഞ്ഞതെന്നും പ്രളയത്തെ കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ലെന്നും വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
വില്ലേജ് ഓഫീസ് കയറിയിറങ്ങിയ വിഎസിന്റെ സഹോദരിയെ മുഖ്യമന്ത്രി മറക്കരുത്. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് സര്‍ക്കാര്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനേയും ചെന്നിത്തല വിമര്‍ശിച്ചു. മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയാണെന്നും കേന്ദ്രം കേരളത്തിലെ ജനത്തെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ആറന്‍മുള കണ്ണാടിയുമായിട്ടല്ല പോകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
അടിയന്തര സഹായമായ 10,000 രൂപ കിട്ടാത്തവര്‍ വേറെയുണ്ട്. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നും സഹായം നേടിയെടുക്കാന്‍ സംസ്ഥാനത്തിനായില്ലെന്നും സാലറി ചലഞ്ചിന്റെ പേരില്‍ കേരളത്തിലെ ജീവനക്കാരെ രണ്ട് തട്ടിലാക്കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.