കൊച്ചി: എറണാകുളം പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും തട്ടിപ്പ് നടത്തിയ കേസില്‍ കളക്ട്രേറ്റ് മുന്‍ ജീവനക്കാരന്‍ വിഷ്ണു പ്രസാദിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നും 73 ലക്ഷം തട്ടിയെന്നാണ് വിഷ്ണു പ്രസാദിനെതിയെരുള്ള കേസ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്ന് മൂന്നു പ്രതികള്‍ക്ക് മൂവാറ്റുപഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം കളക്ട്രേറ്റിലെ പരിഹാര സെല്ലിലെ ക്ലര്‍ക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായ നിതിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതിനാലാണ് കുറ്റപത്രം താമസിക്കുന്നതെന്നാണ് ഐ ജി വിജയ് സാഖറെ പറഞ്ഞത്. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തില്‍ അധികം അക്കൗണ്ടുകള്‍ ശാസ്ത്രീയമായ പരിശോധിക്കേണ്ടതുണ്ട്. 23 അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.