കൊച്ചി: മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി.
പ്രളയ ഭീഷണി വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ചെങ്കല്‍തോട്ടില്‍ നിന്നും ഓവുചാലുകള്‍ വഴി വിമാനത്താവളത്തിന്റെ റണ്‍വേ ഭാഗത്തേയ്ക്കു വെള്ളം കയറാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രത്യേക പമ്പ് സെറ്റുകള്‍ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം ഉയര്‍ന്നാല്‍ പുറത്തേയ്ക്കു കളയാന്‍ ഇതുവഴി സാധിക്കുന്നതാണ്.
ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നെങ്കിലും വിമാനത്താവളത്തിലേക്കു വെള്ളം കയറിയിട്ടില്ല. എല്ലാ സമയവും വെള്ളത്തിന്റെ തോത് നിരീക്ഷിക്കാനുള്ള ക്രമീകരണവും സിയാല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഹജ്ജ് സര്‍വ്വീസ് മുടങ്ങിയതു മൂലം കാത്തുകിടന്ന 410 ഹാജിമാരെ ഇന്നു രാവിലെ തന്നെ പ്രത്യേക വിമാനത്തില്‍ യാത്രയാക്കിയിരുന്നു.