ഡിസ്പൂര്‍ : ഒരു പ്രളയത്തിനും, പേമാരിക്കും ഇല്ലാതാക്കുവാന്‍ കഴിയുന്നതല്ല രാജ്യസ്‌നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് അസമിലെ ഒരു സ്‌കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും.
കനത്ത വെള്ളപ്പൊക്കമുണ്ടായ ദുബ്രി ജില്ലയിലെ ഒരു സ്‌കൂളിലെ നാല് അധ്യാപകരും, രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വെള്ളപൊക്കത്തിന്റെ നടുവില്‍ നിന്ന് ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
ത്രിവര്‍ണ പതാക ഉയര്‍ത്തിയും ,ദേശിയ ഗാനം ആലപിച്ചും പ്രളയത്തെ തോല്‍പ്പിക്കുകയായിരുന്നു ഇവര്‍ .
ശക്തമായ മഴയില്‍ ആസാമിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
സ്വാതന്ത്ര്യ ദിനം ആഘോഷിച്ച നസ്‌കരയിലെ ലോവര്‍ പ്രൈമറി സ്‌കൂള്‍ ദിവസങ്ങളായി പ്രളയത്തില്‍ മുങ്ങികിടക്കുകയാണ്.
ഞങ്ങള്‍ നാലു അധ്യാപകര്‍ ചേര്‍ന്ന് പരിപാടി സംഘടിപ്പിക്കാന്‍ തിരുമാനിക്കുകയായിരുന്നുവെന്ന് സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറായ റഹ്മാന്‍ പറഞ്ഞു.
പ്രളയം കാരണം ഞങ്ങള്‍ക്ക് കൂടുതല്‍ ചെയ്യാന്‍ കഴിഞ്ഞില്ല എന്നും. ദേശീയഗാനവും ,വന്ദേമാതരവും പാടി പരിപാടി അവസാനിപ്പിക്കുകയായിരുന്നുവെന്നും പ്രഥമ അദ്ധ്യാപകന്‍ അറിയിച്ചു.