തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനര്‍ സൃഷ്ടിക്കായി നെതര്‍ലാന്‍ഡിനോട് കേന്ദ്രം തന്നെ സഹായം അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി ഇത് സംബന്ധിച്ച് കത്ത് നല്‍കി.
സഹായം തേടുന്നതിന് വിദേശകാര്യ മന്ത്രി അനുമതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ക്ക് സമയം വേണമെന്ന് നെതര്‍ലാന്‍ഡ് അറിയിച്ചു.
നവ കേരളത്തിനായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 കോടി രുപ നല്‍കാനും തീരുമാനമായിരുന്നു. രാജ്യത്ത് നൂറ് എംപിമാര്‍ ചേര്‍ന്ന് 43.66 കോടി രൂപയാണ് കേരളത്തിന് വേണ്ടി അനുവദിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. 56 രാജ്യസഭ എംപിമാരും 44 ലോക്‌സഭ എംപിമാരുമാണ് തുക നല്‍കുന്നത്. രാജ്യസഭ എംപിമാര്‍ 29.82 കോടി രൂപയും ലോക്‌സഭ എംപിമാര്‍ 13.84 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എ.കെ. ആന്റണി, കെ.ടി.എസ്. തുളസി, അമര്‍ സിംഗ്, പ്രേംചന്ദ് ഗുപ്ത, സുരേഷ് പ്രഭു, എം.ജെ. അക്ബര്‍ തുടങ്ങി 30 എംപിമാര്‍ ഒരു കോടി രൂപ വീതവും 12 എംപിമാര്‍ 50 ലക്ഷം രൂപയും 12 എംപിമാര്‍ 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ആറ് എംപിമാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 14 എംപിമാര്‍ ഉത്തര്‍പ്രദേശില്‍ നിന്നും 11 എംപിമാര്‍ മഹാരാഷ്ട്രയില്‍ നിന്നും ഇതില്‍ പങ്കാളികളായിട്ടുണ്ട്.