രാജ്യത്താകെ പ്രളയവും കോവിഡും; നിര്‍ണായക യോഗം ചേരാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി

സോള്‍: രാജ്യത്താകെ പ്രളയവും കോവിഡും ദുരിതം വിതയ്ക്കുമ്പോള്‍ നിര്‍ണായക യോഗം നടത്താന്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടി. കൊറിയന്‍ വിപ്ലവം മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചും പാര്‍ട്ടിയെ പോരാടാന്‍ പ്രാപ്തമാക്കുന്നതുമാണ് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഒരു വര്‍ഷം മുന്‍പ് കിം നിയമിച്ച പ്രധാനമന്ത്രിയെ കഴിഞ്ഞയാഴ്ച അദ്ദേഹംതന്നെ നീക്കിയിരുന്നു. യുഎസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം ആരംഭിച്ച അതേ ദിവസം തന്നെയാണ് യോഗം ചേരുന്ന വാര്‍ത്തയും പുറത്തുവന്നത്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സൈനികാഭ്യാസത്തിന് പൊലിമ കുറവാണെങ്കിലും ആണവയുദ്ധത്തിന് നാന്ദി കുറിക്കുന്ന പരിപാടിയാണിതെന്നാണ് ദക്ഷിണ കൊറിയയുടെ ആക്ഷേപം.

ഈ മാസം ആദ്യം മുതല്‍ക്കെ ഉത്തര കൊറിയയെ പ്രളയം ബാധിച്ചിരുന്നു. ഉത്തര കൊറിയയുടെ വിപണിയെ മുന്നോട്ടു കൊണ്ടുപോകുന്നത് കാര്‍ഷിക വിളകളാണ്. എന്നാല്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് കൃഷിയിടങ്ങള്‍ പലതും ഒലിച്ചുപോകുന്ന അവസ്ഥയിലാണ്. രണ്ടു ദശകങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. യോങ്‌ബ്യോണിലെ ആണവനിലയത്തിലും പ്രളയജലം അടിച്ചുകയറി.

മോത്‌ബോള്‍ഡ് റിയാക്ടറുകളുടെ പമ്പ് ഹൗസുകളിലേക്കാണ് വെള്ളം ഒഴുകിയെത്തിയതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി 38 നോര്‍ത്ത് വെബ്‌സൈറ്റ് വിശകലനം ചെയ്തിരുന്നു. കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഇത്രയും നാള്‍ ഉത്തരകൊറിയ പിടിച്ചുനിന്നത്. എന്നാല്‍ യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വാദം തള്ളിക്കളഞ്ഞിരുന്നു.

Top