കൊച്ചി:കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകള്‍ ഇറക്കുമതി ചെയ്യുന്ന അവശ്യസാധനങ്ങളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്നും നികുതിയില്‍ നിന്നും ഒഴിവാക്കിയതായി കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. ദുരിത ബാധിതര്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രവാസി സംഘടനകളെ സമീപിച്ചത് അവര്‍ക്ക് ഈ തീരുമാനം അനുഗ്രഹമായി മാറും.
ഗള്‍ഫിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ആവശ്യമുള്ളതെല്ലാം സമാഹരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ കളക്ഷന്‍ പോയിന്റുകളില്‍ ആയിരക്കണക്കിന് ആളുകള്‍ സാധനങ്ങളെത്തിക്കുന്നു. വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും അടക്കം കേടാകാതെ വ്യോമമാര്‍ഗ്ഗം എത്തിക്കാന്‍ കഴിയുന്നതെല്ലാം പ്രവാസികള്‍ ശേഖരിച്ച് ഒരുമിച്ച് കൂട്ടി നാട്ടിലേക്ക് അയക്കുകയാണ്.
ഗള്‍ഫിലെ കളക്ഷന്‍ സെന്ററുകളുടെ ചിത്രങ്ങളും നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. നാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എത്താന്‍ കഴിയാത്തവര്‍ ഗള്‍ഫില്‍ തങ്ങളുടെ സഹജീവികള്‍ക്ക് വേണ്ടി ഓടി നടക്കുന്നുണ്ട്. വിവിധ സംഘടനകള്‍ ശേഖരിച്ച വസ്തുക്കള്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തിക്കും.