ബെര്‍ലിന്‍ : കനത്ത മഴയെത്തുടര്‍ന്നു പെട്ടെന്നുണ്ടായ പ്രളയം തെക്കന്‍ ജര്‍മനിയെ അടിമുടി ബാധിച്ചു. പ്രളയത്തെത്തുടര്‍ന്ന് നാലുപേര്‍ മരിച്ചു. ഇടിമിന്നലില്‍ പരുക്കേറ്റ് മുപ്പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഭൂമിക്കടിയിലുള്ള കാര്‍ പാര്‍ക്കിങ് തകര്‍ന്നു. ബാഡന്‍ വുര്‍ട്ടെംബെര്‍ഗ് സംസ്ഥാനത്തെ ഷ്വാബിഷ് ഗ്മൂണ്ട് നഗരത്തിലാണ് ഏറ്റവും അധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. പ്രളയത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതിനിടെ അഗ്‌നിശമനസേനാംഗം ഒഴുകിപ്പോയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാര്‍പാര്‍ക്കിങ് വെള്ളം കയറി തകര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടുപേര്‍ മരിച്ചത്. നിരവധി കാറുകള്‍ വെള്ളത്തിനടിയിലായി. കുറേ കാറുകള്‍ വെള്ളത്തിന്റെ ശക്തിയില്‍ മറ്റു തെരുവുകളിലേക്ക് ഒഴുക്കിക്കൊണ്ടുപോയി.
ഫ്രാന്‍സ് , സ്വിറ്റ്‌സര്‍ലന്‍ഡ് അതിര്‍ത്തിയിലുള്ള ബാഡന്‍ വുര്‍ട്ടെംബെര്‍ഗ് സംസ്ഥാനത്തെ നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ നാലു മീറ്ററോളം ഉയരത്തില്‍ പ്രളയജലമെത്തി. സംസ്ഥാനത്ത് എത്രത്തോളം മഴ പെയ്തിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.