തൂണുകളില്‍ വീടുണ്ടാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം. . .നിര്‍ദ്ദേശവുമായി മുരളി തുമ്മാരുകുടി

തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കുന്നതിന് തൂണുകളില്‍ വീടുണ്ടാക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.

ഇത്തരം വീടുകള്‍ കുട്ടനാട്ടില്‍ ഇപ്പോള്‍ തന്നെ നിര്‍മ്മിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് തുമ്മാരുകുടിയുടെ നിര്‍ദ്ദേശങ്ങള്‍. എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യത്തോടെ ചെയ്തില്ലെങ്കില്‍ ഗുണത്തിലുപരി ദോഷമായിരിക്കും തൂണുകളിലുള്ള വീടുകള്‍ കൊണ്ട് ഉണ്ടാവുകയെന്നും തുമ്മാരുകുടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നാലു വര്‍ഷം ബ്രൂണെയില്‍ താമസിച്ചിട്ടുള്ള കാര്യം പറഞ്ഞിട്ടുണ്ടല്ലോ. കേരളം പോലെ തന്നെ കാലാവസ്ഥയുള്ള സ്ഥലമാണ് ബ്രൂണൈ. മഴയും അതുപോലെ തന്നെ. രാജ്യത്തിന്റെ ഭൂരിഭാഗവും വനമായതിനാല്‍ പഴയ കാലത്ത് കൂടുതല്‍ ആളുകളും താമസിച്ചിരുന്നത് പുഴയരുകിലായിരുന്നു. മുതലകളുള്ള പുഴയില്‍ ഓരോ വര്‍ഷവും വെള്ളം പൊങ്ങും. ഇക്കാരണങ്ങളാല്‍ പുഴയില്‍ വലിയ തൂണുകളുടെ മുകളിലാണ് വീടുകളുണ്ടാക്കുന്നത്. വീടുകള്‍ മാത്രമല്ല പള്ളി മുതല്‍ പള്ളിക്കൂടം വരെയുള്ള എല്ലാ സാമൂഹ്യ സ്ഥാപനങ്ങളും അങ്ങനെയായിരുന്നു. ആയിരക്കണക്കിന് സ്റ്റില്‍റ്റഡ് വീടുകള്‍ ബ്രൂണൈ തലസ്ഥാനത്ത് ബ്രൂണൈ ബെയുടെ തീരത്ത് ഇപ്പോഴുമുണ്ട്, അവ തമ്മില്‍ ബന്ധിപ്പിച്ച് നടപ്പാതകളും. കംപോങ്ങ് അയര്‍ (Kampong Air അല്ലെങ്കില്‍ water village) എന്നാണതിന്റെ പേര്. ഇപ്പോള്‍ വലിയ ടൂറിസ്റ്റ് ആകര്‍ഷണമാണത്.

ബ്രൂണൈ സന്പന്നമായതോടെ ആളുകള്‍ പുഴയോരത്തുനിന്നും മാറി വീടുണ്ടാക്കാന്‍ തുടങ്ങിയെങ്കിലും കുറേ ആളുകള്‍ക്ക് പഴയ രീതിയില്‍, ഉയര്‍ന്ന കാലുകള്‍ക്ക് മുകളില്‍ തന്നെ വീടുവെക്കണം എന്ന ആഗ്രഹത്താല്‍ താഴത്തെ കാലുകള്‍ക്കിടയില്‍ കാര്‍ പാര്‍ക്കിങ്ങും മുകളില്‍ താമസവുമായി. ഞാന്‍ ജോലി ചെയ്തപ്പോള്‍ കമ്പനി എനിക്ക് നല്‍കിയ ക്വാര്‍ട്ടേഴ്സ് അങ്ങനെ ഒന്നായിരുന്നു, ഞാന്‍ അതില്‍ ഏറെ നാള്‍ താമസിച്ചിട്ടുണ്ട്.

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തില്‍ ഇത്തരം വീടുകള്‍ കൂടുതല്‍ വ്യാപകമാകും. കുട്ടനാട്ടില്‍ ഇപ്പോള്‍ തന്നെ ഇത്തരം വീടുകള്‍ ഞാന്‍ കണ്ടിരുന്നു. ഇനി ആലുവാ പുഴയുടെ കരയിലും കായലോരത്തുമെല്ലാം വീടുകള്‍ പടി കയറാന്‍ പോവുകയാണ്. പ്രത്യക്ഷത്തില്‍ ഇത് നല്ല കാര്യമാണെന്ന് തോന്നാമെങ്കിലും ഇത് വേണ്ട വിധത്തില്‍ ആലോചിച്ച്, എന്‍ജിനീയറിംഗ് വൈദഗ്ദ്ധ്യത്തോടെ ചെയ്തില്ലെങ്കില്‍ ഗുണത്തിലുപരി ദോഷമേ വരികയുള്ളൂ. ഈ വിഷയം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതകള്‍ താഴെ പറയാം.

1. പ്രളയത്തിനെതിരെ ഏറെ ഫലപ്രദമായ ഈ മോഡല്‍ വീടുകള്‍ ഭൂമികുലുക്കത്തില്‍ ഏറ്റവും വേഗത്തില്‍ തകര്‍ന്നടിയുന്നവയാണ്. കേരളത്തിലെ ഭൂകമ്പ സാധ്യത കൂടി മനസ്സിലാക്കി വീട് പണിതില്ലെങ്കില്‍ ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റുന്ന തരത്തിലുള്ള ചികിത്സയാകും ഇത്.

2. വീടിരിക്കുന്ന മണ്ണിന്റെ എഞ്ചിനീയറിങ്ങ് പ്രോപ്പര്‍ട്ടികളും വീടുണ്ടാക്കുന്ന വസ്തുക്കളുടെ ഭാരവും കണക്കു കൂട്ടി വേണ്ട തരത്തില്‍ ഡിസൈന്‍ ചെയ്തില്ലെങ്കില്‍ നിലത്തിരുന്ന കെട്ടിടത്തിലും കൂടുതല്‍ വേഗത്തില്‍ ഈ സ്റ്റില്‍റ്റഡ് വീടുകള്‍ മണ്ണിലേക്ക് താഴും. വീടിന്റെ മൊത്തം ഭാരം എട്ടോ പത്തോ തൂണുകളിലൂടെ താഴേക്ക് കൊണ്ടുവരുമ്പോള്‍ അതിനെ താങ്ങാനുള്ള കെല്‍പ്പ് അവിടുത്തെ മണ്ണിനുണ്ടാകണം (bearing capacity). കുട്ടനാട് ഉള്‍പ്പടെ കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ള മണ്ണിന്റെ ഭാരം താങ്ങാനുള്ള കഴിവ് ഇടനാട്ടിലെക്കാള്‍ കുറവാണ്, അപ്പോള്‍ പുതിയ ഡിസൈന്‍ കൂടുതല്‍ കുഴപ്പമുണ്ടാക്കാം.

3. ഇപ്പോള്‍ തന്നെ കേരളത്തിലെ വീടുകള്‍ വയസ്സായവര്‍ക്ക് ഒരു വെല്ലുവിളിയാണ്. തൂണുകള്‍ക്ക് മുകളിലുള്ള വീടുകള്‍ ഉണ്ടാക്കുന്നവര്‍ അവര്‍ക്കും വയസ്സാകുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്.

4. ബ്രൂണൈയില്‍ ഉള്‍പ്പടെ ആദ്യകാലത്ത് മരം കൊണ്ടാണ് സ്റ്റില്‍റ്റഡ് വീടുകള്‍ ഉണ്ടാക്കിയത്. ഇപ്പോഴും തൂണുകള്‍ മാത്രമാണ് കോണ്‍ക്രീറ്റില്‍ ഉള്ളത്. ഭിത്തികള്‍ മരം കൊണ്ടോ ജിപ്‌സം ബോര്‍ഡ് കൊണ്ടോ ആണ്. മേല്‍ക്കൂരയും അലുമിനിയമോ മറ്റു ഭാരം കുറഞ്ഞ വസ്തുക്കളോ ആണ്. വീടുകള്‍ തൂണിന് മുകളില്‍ കയറ്റുമ്പോള്‍ നിര്‍മ്മാണ വസ്തുക്കളെക്കുറിച്ചും ഒന്ന് ചിന്തിക്കണം.
തൂണുകള്‍ക്ക് മുകളില്‍ വീടുകള്‍ പണിയുന്നത് മൊത്തം തെറ്റാണെന്നല്ല എന്റെ വാദം. മറിച്ച് വെള്ളപ്പൊക്കം വരുമ്പോള്‍ അതിനെ മാത്രം ചിന്തിച്ച് പരിഹാരങ്ങളുണ്ടാക്കിയാല്‍ അത് പ്രതീക്ഷിക്കാത്ത വേറെ കുഴപ്പങ്ങളുണ്ടാക്കും. കേരളത്തിലെ രീതിയനുസരിച്ച് ഒരു ഡിസൈന്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എഞ്ചിനീയറിങ്ങ് ഒന്നുമില്ലാതെ അത് വീണ്ടും വീണ്ടും ഉണ്ടാക്കപ്പെടും. നമ്മുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഇതിനായി അനുമതി നല്‍കേണ്ട വകുപ്പിലുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ പലപ്പോഴും വേണ്ടത്ര അറിവോ പരിചയമോ ഉണ്ടാവില്ല.

തുടര്‍ച്ചയായ വെള്ളപ്പൊക്കങ്ങള്‍ മലയാളിയെ വല്ലാതെ പേടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ എന്‍ജിനീയര്‍മാരും സര്‍ക്കാരും തീരുമാനിച്ചാലും ഇല്ലെങ്കിലും നമ്മുടെ വീടുകള്‍ പടികയറാന്‍ പോവുകയാണ്. ഈ വിഷയത്തില്‍ അറിവുള്ളവര്‍ കേരളത്തിലെ വിവിധ അപകട സാധ്യതകള്‍, മണ്ണിന്റെ ഘടന, സാധ്യമായ നിര്‍മ്മാണ വസ്തുക്കള്‍, വയസ്സായവര്‍, ശാരീരികമായി ബുദ്ധിമുട്ടുള്ളവര്‍, രോഗികള്‍ എന്നീ ഘടകങ്ങള്‍ കൂടി പരിഗണിച്ച് വേണ്ടത്ര നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇല്ലെങ്കില്‍ പുതിയ ദുരന്തങ്ങള്‍ കെട്ടിപ്പൊക്കുകയാകും നമ്മള്‍ ചെയ്യുന്നത്.

Top