ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും പ്രതിന്ധിയ്‌ക്ക് പരിഹാരമായില്ല

MEDICALA-SHOPS

കൊച്ചി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും പ്രതിസന്ധിയ്‌ക്ക് പരിഹാരമാകുന്നില്ല. ഓണ വിപണിയെ ലക്ഷ്യം വെച്ച് വലിയ രീതിയില്‍ വില്‍പ്പനയ്ക്കുള്ള വസ്തുക്കള്‍ ഇവര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ശേഖരിച്ചിരുന്നു. ഷോപ്പുകളിലെ നഷ്ടം തിട്ടപ്പെടുത്താനോ, സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനോ അധികൃതര്‍ എത്തിയിട്ടില്ലെന്നു ചെറുകിടകച്ചവടക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ഇതുവരെ ചെറുകിട കര്‍ഷകര്‍ക്കായി ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

വലിയ തുക പ്രീമിയം അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത ഒട്ടേറെ ചെറുസംരംഭകരും കച്ചവടക്കാരുമുണ്ട്. ഇത്തരം കച്ചവടക്കാരും സംരംഭകരുമാണ് പ്രളയകെടുതിയില്‍ കഷ്ടപ്പെടുന്നത്. അതേസമയം ചെറുകിട, ഇടത്തരം സംരംഭകരോട് നഷ്ടം കൃത്യമായി രേഖപ്പെടുത്തി നല്‍കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ആവശ്യപ്പെട്ടതായി അറിയുന്നു. ഇന്‍ഷുറന്‍സ് രേഖകള്‍ പ്രളയത്തില്‍ നശിച്ചു പോയാലും പരിരക്ഷ ലഭിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കി. ബാങ്ക് വായ്പ എടുത്ത ചെറുസംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പക്ഷേ, പ്രകൃതി ദുരന്തങ്ങള്‍ പല ഇന്‍ഷുറന്‍സിലും കവര്‍ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല എന്ന സാങ്കേതിക പ്രശ്‌നവും കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

കച്ചവട സ്ഥാപനങ്ങളെല്ലാം ഓണത്തിന് മുന്നോടിയായി സ്‌റ്റോക്ക് ശേഖരിച്ചിരുന്നതിനാല്‍ വലിയ നഷ്ടമാണ് പ്രളയം മൂലമുണ്ടായത്. സംസ്ഥാന ജിഎസ്ടിയില്‍ 10 ശതമാനം സെസ്സ് വര്‍ദ്ധന നടപ്പായാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായേക്കാവുന്ന വിഭാഗം ചെറുകിട ഇടത്തരം വ്യവസായ മേഖലയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വന്തം നിലയില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തി വില്ലേജ് ഓഫിസുകള്‍ മുഖേന കളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നു കച്ചവടക്കാരോട് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top