ന്യൂഡല്‍ഹി: രാജ്യത്ത് അസം, ബിഹാര്‍, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പ്രളയവും ഇടിമിന്നലും ശക്തമാകുന്നു. അസമില്‍ ഇടിമിന്നലിലും പ്രളയത്തിലും മരണം 58 ആയി. അസമില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യിപിച്ചിടിടുണ്ട്. അസമില്‍ 22 ജില്ലകളിലായി 16 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര അടക്കം നാല് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി സംസാരിച്ചു. ആവശ്യമായ സഹായം ഉറപ്പാക്കും എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ബിഹാറിലും യുപിയിലുമായി ഇടിമിന്നലില്‍ 31 പേര്‍ കൂടി മരിച്ചു. ബിഹാറിലും ഉത്തര്‍പ്രദേശിലും കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലാണ് മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത്. കഴിഞ്ഞ ആഴ്ച നൂറിലധികം പേര്‍ മരിച്ചിരുന്നു. ബിഹാറില്‍ 28 ജില്ലകളെ പ്രളയം ബാധിച്ചു. പശ്ചിമ ബംഗാളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
സ്ഥിതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍, കാലാവസ്ഥ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ദേശീയ ജല കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രളയത്തിന് ശാശ്വത പരിഹാരം കാണാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ പദ്ധതി തയ്യാറാക്കാനും അമിത് ഷാ നിര്‍ദേശിച്ചു.