വാഷിങ്ടണ്‍: അമേരിക്കയില്‍ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ തോക്കുധാരി ഒമര്‍ മതീന് ഇസ്‌ലാമിക് സ്റ്റേറ്റുമായുളള ബന്ധം ഉറപ്പാക്കുന്ന ക്യത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ. എങ്കിലും 49 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ഭീകരാക്രമണമായി കണ്ട് അന്വേഷണം നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
അക്രമത്തിന് തൊട്ടുമുന്‍പ് തോക്കുധാരിയായ ഒമര്‍ മതീന് ഇസ്‌ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇയാളെ ഐഎസാണ് അക്രമണത്തിന് നിയോഗിച്ചതെന്നതിന് തെളിവില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രപ്പ് വംശീയ അധിക്ഷേപം ആവര്‍ത്തിച്ചു. മുസ്‌ലിങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
മുസ്‌ലിം തീവ്രവാദത്തിന് മറ്റൊരു തെളിവ് കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെയ്‌പ്പെന്ന് പറഞ്ഞ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുസ്‌ലിം തീവ്രവാദമാണ് രാജ്യത്ത് നടന്നതെന്ന് പറയാന്‍ മടിക്കുന്ന ഒബാമ രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലതെന്ന് ട്രംപ് കുറ്റപ്പെടുത്തി. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാത്ത ഹിലരി ക്ലിന്റന് മത്സരരംഗത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ട്രംപ് പറഞ്ഞു.