കേരളത്തിൽ ഒറ്റ ലീഡർ മാത്രമേ ഉള്ളൂവെന്നും അത് കെ. കരുണാകരനാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരത്തെത്തിയ സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്. പ്രവർത്തകർ ആവേശത്തിലായതുകൊണ്ടാണ് തന്റെ ഫ്ലക്സ് വെച്ചത് ആ ഫ്ലക്സ് ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരുടെയും പ്രവർത്തന ഫലമാണ് തൃക്കാക്കരയിലെ വിജയം. തെരഞ്ഞെടുപ്പ് ഏകോപനം മാത്രമാണ് താൻ നിർവഹിച്ചത്. എല്ലാ വിവാദങ്ങളും ഇവിടെ അവസാനിപ്പിക്കണം. മുഖ്യമന്ത്രി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും തോറ്റതിന്റെ മറുപടി അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശന്റെ ഫ്ലക്സ് ബോർഡ് വെച്ചതിലും തിരുവനന്തപുരത്ത് വലിയ സ്വീകരണം നൽകുന്നതിലും കോൺഗ്രസിൽ അഭിപ്രായ വത്യാസം ഉയർന്നിരുന്നു . ജയം സതീശന്റെ മാത്രം അധ്വാനമല്ലെന്നാണ് വിമർശനം. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് നടക്കുന്നവർ എന്തിനാണ് ഫ്ലക്സ് വെച്ചതെന്ന ചോദ്യവും ഉയർന്നിരുന്നു . സതീശന്റെ പേരിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട് .
വിഡി സതീശനെ ലീഡറായി പ്രഖ്യാപിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വെച്ചിരുന്നു. ഇരട്ടച്ചങ്കനല്ല, യഥാർത്ഥ ലീഡർ വി.ഡി. സതീശനാണെന്നാണ് ഫ്ലക്സ് ബോർഡുകളിലുള്ളത്. സംസ്ഥാന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തിൽ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുൻമുഖ്യമന്ത്രി കെ. കരുണാകരനാണ്.