കാലിത്തീറ്റ അഴിമതി ; നാലാമത്തെ കേസിന്റെ വിധി സിബിഐ പ്രത്യേക കോടതിയില്‍ ഇന്ന്‌

lalu-prasad-yadav

റാഞ്ചി: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ അഴിമതിക്കേസിലെ നാലാമത്തെ കേസില്‍ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഡുംക ട്രഷറിയില്‍നിന്നും വ്യാജ ബില്ലുകള്‍ നല്‍കി 3.76 കോടി തട്ടിയെടുത്ത കേസില്‍ ലാലുവിനു പുറമേ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗന്നാഥ് മിശ്ര അടക്കം 31 പേര്‍ക്കെതിരെ മാര്‍ച്ച് അഞ്ചിനു വിചാരണ പൂര്‍ത്തിയായിരുന്നു.

കാലിത്തീറ്റകുംഭകോണത്തില്‍ ആകെ ആറു കേസുകളാണ് ലാലുവടക്കമുള്ളവര്‍ക്കെതിരേയുള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ ഇതിനകം വിധി വന്നുകഴിഞ്ഞു.
2013ല്‍ ആദ്യ കുംഭകോണക്കേസില്‍ ലാലുവിന് അഞ്ചു വര്‍ഷം തടവും പിഴയും കോടതി വിധിച്ചിരുന്നു.

രണ്ടാം കേസില്‍ മൂന്നരവര്‍ഷവും ശിക്ഷ ലഭിച്ചിരുന്നു. 19911994 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്നും 89 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് കോടതി നടപടി. മൂന്നാം കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ചു.

ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ 1990 നും 1997 നും ഇടയില്‍ കന്നുകാലികള്‍ക്ക് കാലിത്തീറ്റയും മരുന്നുകളും വ്യാജ ബില്ലുകളും മറ്റും ഉപയോഗിച്ച് വാങ്ങിയതിലൂടെ 900 കോടി രൂപ ഖജനാവിന് നഷ്ടമായി എന്നാണ് സിബിഐ കണ്ടെത്തിയത്.

2014 ല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവിന് എതിരായ നാല് കേസുകളിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. സമാന സ്വഭാവം ഉള്ള കേസുകളില്‍ ഒരേ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിചാരണ നേരിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി സ്റ്റേ ഉത്തരവ് നല്‍കിയിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ച, അഴിമതി നിരോധനം എന്നീ ചാര്‍ജുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് വെവ്വേറെയുള്ള ആറുകേസുകളിലും പ്രത്യേകം പ്രത്യേകം വിധികള്‍ വരുന്നത്.

Top