ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു; റോഡ്-ട്രെയിന്‍-വ്യോമ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ തണുത്ത് വിറയ്ക്കുകയാണ് രാജ്യതലസ്ഥാനവും മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.6 ഡിഗ്രിയാണ്. ഈ സീസണിലെ ഏറ്റവും കഠിനമായ മൂടല്‍മഞ്ഞാണ് ഇന്ന് കാണുന്നത്. ഇതേ താപനില പതിനൊന്ന് മണി വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കനത്ത മൂടല്‍മഞ്ഞ് മൂലം തിങ്കളാഴ്ച രാവിലെയും ഡല്‍ഹിയിലെ വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. റോഡ് ഗതാഗതവും മൂടല്‍ മഞ്ഞു മൂലം പലയിടത്തും തടസപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ എത്തേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയായതോടെയാണ് തല്‍ക്കാലം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചത്. റണ്‍വേയില്‍ ഇന്ന് പുലര്‍ച്ചെയുള്ള ദൃശ്യപരിധി 50 മീറ്റര്‍ മുതല്‍ 175 മീറ്റര്‍ വരെ മാത്രമാണ്. ഇത് അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടത്.

അതിശൈത്യം കാരണം ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശൈത്യം കനത്ത പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നുവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 31ന് ശേഷം ഡല്‍ഹിയില്‍ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ പെയ്താല്‍ തണുപ്പ് വര്‍ധിക്കുമെന്ന ആശങ്കയും ഉണ്ട്.

Top