ഇലോണ്‍ മസ്‌കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ; പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ആപ്പിളും ഡിസ്‌നിയും

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ സെമിറ്റിക് വിരോധ പോസ്റ്റിന് പിന്നാലെ പ്ലാറ്റ്ഫോമിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ടെക്- സിനിമ നിര്‍മാണ ഭീമന്മാര്‍. ആപ്പിള്‍, ഐബിഎം, ഡിസ്‌നി, വാര്‍ണര്‍ ബ്രോസ്, പാരമൗണ്ട് എന്നിവരാണ് എക്സില്‍ പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചത്.

മസ്‌കിന്റെ പോസ്റ്റിനെ വൈറ്റ് ഹൗസ് അപലപിച്ചിരുന്നു. പോസ്റ്റ് വെറുപ്പുളവാക്കുന്നതാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. മസ്‌കിന്റെ ട്വീറ്റുകള്‍ക്ക് മറുപടിയായി 150-ലധികം റബ്ബിമാരുടെ കൂട്ടായ്മ ആപ്പിള്‍, ഡിസ്‌നി, ആമസോണ്‍, ഒറാക്കിള്‍ തുടങ്ങിയ കമ്പനികളോട് എക്സില്‍നിന്ന് പരസ്യം പിന്‍വലിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഐബിഎം മുതല്‍ ഡിസ്‌നി വരെയുള്ള പ്രധാന സാങ്കേതിക, മാധ്യമ സ്ഥാപനങ്ങളുടെ ഒരുനിര തന്നെ പരസ്യങ്ങള്‍ പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആപ്പിളിന്റെ പരസ്യങ്ങള്‍ അഡോള്‍ഫ് ഹിറ്റ്ലറെയും നാസികളെയും പുകഴ്ത്തിയുള്ള ട്വീറ്റുകളുടെ കൂടെ പ്രത്യക്ഷപ്പെട്ടതായി ഈ ആഴ്ചയാദ്യം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വാര്‍ണര്‍ ബ്രോസ്, പാരമൗണ്ട്, സോണി പിക്ചേഴ്സ്, എന്‍ബിസി യൂണിവേഴ്സല്‍ എന്നിവരെ പോലെ ലയണ്‍സ്‌ഗേറ്റ് ഫിലിം സ്റ്റുഡിയോയും എക്സിന് നല്‍കിപ്പോന്നിരുന്ന പരസ്യങ്ങള്‍ താത്ക്കാലികമായി നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.ജൂതന്മാര്‍ വെള്ളക്കാരെ വെറുക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്, ‘സത്യമാണ്’ എന്ന തലക്കെട്ടോടെ ബുധനാഴ്ച മസ്‌ക് റീട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനികളുടെ നടപടി.

 

Top