പയ്യന്നൂര്‍ : ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. മാടക്കാല്‍ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റിരുന്നത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത ഡ്രീം ഡെസേര്‍ട്ടില്‍ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്‌സലായി വാങ്ങിയത്. ഇത് കഴിച്ചതിന് ശേഷം തലചുറ്റലും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു.
പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയ്ക്ക് കാരണം ഭക്ഷ്യ വിഷബാധയാണെന്ന് ഡോക്ടര്‍മാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ പൂട്ടിച്ചു. 10000 രൂപ പിഴ ഈടാക്കികയും ചെയ്തു. പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ ഷവര്‍മ താല്‍ക്കാലികമായി നിരോധിച്ചു.
ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭയും വ്യക്തമാക്കി.
അതേസമയം അതേ ദിവസം ഡ്രീം ഡെസേര്‍ട്ടില്‍ നിന്നും ഷവര്‍മ കഴിച്ച ആരും പരാതിയുമായി മുന്നോട്ടുവന്നിട്ടില്ലെന്നും മറ്റെവിടെ നിന്നെങ്കിലുമാകാം കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതെന്നുമാണ് ചിലരുടെ ആരോപണം.