ശിശുഭവനില്‍ ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികള്‍ മരിച്ചു

ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. ആരോഗ്യസ്ഥിതി മോശമായ 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.

രസം ചോറും ലഡ്ഡുവുമാണ്‌ കുട്ടികള്‍ ബുധനാഴ്ച രാത്രി കഴിച്ചിരുന്നത്. ഇതിനുപിന്നാലെ ചില കുട്ടികള്‍ ഛര്‍ദ്ദിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെ അവരുടെ ആരോഗ്യനില മോശമായതായും ചില കുട്ടികള്‍ ബോധരഹിതരായതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുട്ടികള്‍ ചികിത്സയിലുള്ള ആശുപത്രി സന്ദര്‍ശിച്ച തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ എസ് വിനീത് പറഞ്ഞു.

 

Top