തിരുവനന്തപുരം: ജി.വി രാജ സ്‌ക്കൂളിലെ ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. കണ്ണൂര്‍ സ്പോര്‍ട്‌സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ മാറ്റിയത്. സ്‌കൂളില്‍ അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മാറ്റം.
സ്‌കൂളിലെ ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ തന്നെ മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും ഭക്ഷ്യവിഷബാധയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
അനുസരിക്കാത്തവരെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കും. വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയും പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കാറുണ്ട്. പ്രിന്‍സിപ്പലിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ ഇരുപത്തിയഞ്ചോളം ജീവനക്കാര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയിട്ടുണ്ട്. മറ്റു പലരും സ്ഥലംമാറ്റത്തിനായി ശ്രമിക്കുന്നുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടിക്കടി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ ഗൗരവമായി എടുക്കണം. പ്രിന്‍സിപ്പല്‍ തന്നെയാണ് ഈ വിഷയത്തില്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഉന്നതനായ ഒരാളുടെ സഹായമില്ലാതെ ഇത്തരം സംഭവം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം, താന്‍ പ്രിന്‍സപ്പലായ ശേഷം ആദ്യമായാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.