ശുചിത്വമില്ലാത്ത ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

കൊച്ചി: ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ക്കശ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഭക്ഷണപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ശുചിത്വത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദാക്കി പിഴ ഉള്‍പ്പെടെയുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ മനു സി. മാത്യു സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.

ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ജീവനക്കാര്‍ ഹെയര്‍നെറ്റ് ഉപയോഗിക്കണം. ഭക്ഷണസാധനങ്ങള്‍ തുറന്നുവയ്ക്കരുത്. അനുവദനീയമല്ലാത്ത കളര്‍ ഉപയോഗിക്കരുത്. ഫ്രീസറിന്റെ കാര്യക്ഷമത ഉറപ്പാക്കണം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ നിര്‍ദേശിച്ചു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനു ഭക്ഷ്യസുരക്ഷാവകുപ്പില്‍ ആവശ്യാനുസരണം ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും ബേക്കറി, കാന്റീന്‍ യൂണിറ്റുകളും നിയമാനുസരണമല്ല പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു കമ്മീഷന്‍ ഉത്തരവ്.

Top